
ന്യൂഡൽഹി : എയർസെൽ-മാക്‌സിസ് ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനെതിരെയുള്ള വിചാരണക്കോടതിയിലെ ഇ.ഡി കേസ് നടപടികൾ സ്റ്റേ ചെയ്‌ത് ഡൽഹി ഹൈക്കോടതി. ചിദംബരത്തിന്റെ ഹർജി പരിഗണിച്ചാണിത്. 2025 ജനുവരി 22ന് വീണ്ടും പരിഗണിക്കും.
പ്രോസിക്യൂഷൻ അനുമതിയില്ലാതെ ഇ.ഡി സമർപ്പിച്ച കുറ്റപത്രം വിചാരണക്കോടതി സ്വീകരിച്ചെന്നാണ് ചിദംബരത്തിന്റെ പരാതി. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കുറ്റം ചെയ്‌തെന്ന ആരോപണത്തിൽ പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
എയർസെല്ലിന്റെ ഓഹരികൾ മലേഷ്യൻ കമ്പനിയായ മാക്‌സിസിന് വിൽക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും, മകൻ കാർത്തി ചിദംബരം നിയന്ത്രിക്കുന്ന കമ്പനിക്ക് എയർസെല്ലിന്റെ 5 ശതമാനം ഓഹരികൾ തരപ്പെടുത്തിയെന്നുമാണ് ചിദംബരത്തിനെതിരെയുള്ള ആരോപണം. 2006ൽ മകന്റെ കമ്പനിക്ക് ഓഹരി ഉറപ്പിച്ച ശേഷം മാത്രമാണ് എയർസെൽ-മാക്‌സിസ് ഇടപാടിന് വിദേശനിക്ഷേപ പ്രൊമോഷൻ ബോർഡിന്റെ അനുമതി നൽകിയതെന്നും കോഴയിടപാട് നടന്നെന്നും ആരോപിച്ചു.