
ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ 288 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ റിപ്പോർട്ടുകൾ പ്രകാരം 65.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിൽ പോളിംഗ് 68.45% ആണ്. (2019ൽ 67.04%). വോട്ടിംഗ് പൊതുവേ സമാധാനപരമായിരുന്നു. മഹാരാഷ്‌ട്രയിലെ നാന്ദഡ് ലോക്‌സഭാ മണ്ഡലത്തിലും ഉത്തർപ്രദേശിലെ 9 അടക്കം 15 അസംബ്ളി സീറ്റുകളിലും ഉപതിരഞ്ഞെടുപ്പും നടന്നു.
പർളിയിൽ ബൂത്തിൽ അക്രമം
മഹാരാഷ്‌ട്രയിലെ പർളി മണ്ഡലത്തിൽ എൻ.സി.പി (അജിത് പവാർ,എൻ.സി.പി (ശരദ് പവാർ) പ്രവർത്തകരുടെ ഏറ്റുമുട്ടലിനിടെ പോളിംഗ് ബൂത്ത് അക്രമിക്കപ്പെട്ടു. ഘട്‌നന്തൂരിലെ ബൂത്തിൽ അക്രമികൾ വോട്ടിംഗ് യന്ത്രം വലിച്ചെറിയുകയും ഫർണിച്ചർ നശിപ്പിക്കുകയും ചെയ്‌തു. മറ്റൊരു യന്ത്രം സ്ഥാപിച്ച് വോട്ടിംഗ് പുനഃരാരംഭിച്ചു. നന്ദ്ഗാവ് നിയമസഭാ മണ്ഡലത്തിൽ ശിവസേന സ്ഥാനാർത്ഥി സുഹാസ് കാണ്ഡെയും സ്വതന്ത്ര സ്ഥാനാർത്ഥി സമീർ ഭുജ്ബലും ഏറ്റുമുട്ടി.
മുംബയിൽ ഗ്ളാമർ വോട്ടിംഗ്
മുംബയിൽ ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകൻ ആദിത്യ താക്കറെ, ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ശ്രദ്ധ കപൂർ, മാധുരി ദീക്ഷിത്, ജുനൈദ് ഖാൻ, ഗാനരചയിതാവ് ജാവേദ് അക്തർ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, മക്കളായ അനന്ത് അംബാനി, ആകാശ് അംബാനി, മരുമകൾ ശ്ലോക മേത്ത തുടങ്ങിയവർ വോട്ട് ചെയ്‌തു.
യു.പിയിൽ പൊലീസുകാർക്ക് സസ്‌പെൻഷൻ
ഉത്തർപ്രദേശിൽ സമാജ്‌പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ പരാതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മീരാപൂർ നിയമസഭാ മണ്ഡലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സബ് ഇൻസ്പെക്ടർമാരെ സസ്‌പെൻഡ് ചെയ്തു. ഇവർ വോട്ടർമാരെ തടഞ്ഞെന്നാണ് പരാതി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീകൾക്ക് നേരെ റിവോൾവർ ചൂണ്ടുന്ന വീഡിയോ സമാജ്‌വാദി പാർട്ടി പുറത്തുവിട്ടിരുന്നു. അതിനിടെ ബുർഖ ധരിച്ച് കള്ളവോട്ട് ചെയ്യുന്നുവെന്ന ബി.ജെ.പി പരാതിയിൽ പൊലീസ് സ്‌ത്രീ വോട്ടർമാരെ പരിശോധിച്ചതും വിവാദമായി.