
ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ഇളവ്.
ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാനും മറ്റുമായി ഇന്നലെ അഞ്ചുമണിക്കൂറാണ് ഇളവ് നൽകിയത്. ഇതോടെ
ഇന്നലെ രാവിലെ 5 മുതൽ 10 വരെ കടകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. പെട്രോൾ ബങ്കുകളിൽ നീണ്ട ക്യൂ ഉണ്ടായി.
ഒമ്പത് ജില്ലകളിൽ മൊബൈൽ ഡാറ്റ സേവനങ്ങൾക്കുള്ള വിലക്ക് തുടർന്നെങ്കിലും ബ്രോഡ്‌ബാൻഡ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കച്ചിംഗ്, ജിരിബാം ജില്ലകളിലാണ് കർഫ്യു.
ശനിയാഴ്‌ച അക്രമം നടന്ന ഇംഫാൽ താഴ്‌വരയും തെക്കൻ അസമിലെ കച്ചാർ ജില്ലയോട് ചേർന്ന ജിരിബാമും താരതമ്യേന ശാന്തമാണ്. സുരക്ഷാ സേന പട്രോളിംഗ് നടത്തുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനിലെയും ദേശീയ വനിതാ കമ്മിഷനിലെയും അംഗങ്ങളോട് സംസ്ഥാനം സന്ദർശിക്കാൻ മണിപ്പൂർ ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.