
പനാജി: ഗോവ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ 55-ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് (ഐ.എഫ്.എഫ്.ഐ) തുടക്കമായി. 'കൺട്രി ഒഫ് ഫോക്കസ്' വിഭാഗത്തിൽ ആദ്യ ചിത്രമായി പ്രദർശിപ്പിച്ച ആസ്ട്രേലിയൻ നിർമ്മാതാവ് മൈക്കൽ ഗ്രേസിയുടെ ബെറ്റർ മാൻ കൈയടി ഏറ്റുവാങ്ങി. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവും സഹമന്ത്രി ഡോ. എൽ.മുരുകനും ചേർന്നാണ് മേളയ്‌ക്ക് തിരി തെളിച്ചത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്വാഗതം പറഞ്ഞു. ചലച്ചിത്ര താരങ്ങളായ അഭിഷേക് ബാനർജിയും ഭൂമി പെഡ്‌നേക്കറും ആങ്കർമാരായ ചടങ്ങ് ചലച്ചിത്ര പ്രവർത്തകരായ നാഗാർജുന, നിത്യ മേനോൻ, വിക്രാന്ത് മാസി, രാകുൽ പ്രീത് സിംഗ്, രാജ്കുമാർ റാവു, സുഭാഷ് ഖായ്, ദിനേഷ് വിജൻ, അമർ കൗശിക്, എൻ.എം. സുരേഷ്, ഗാനരചയിതാവ് പ്രസൂൺ ജോഷി തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറും സംസാരിച്ചു.ആസ്‌ട്രേലിയൻ ഫസ്റ്റ് നേഷൻസ് ഡാൻസ് ഗ്രൂപ്പായ ജന്നവി ഡാൻസിന്റെ പ്രകടനം, 90കളിലെ ബോളിവുഡ് ഹിറ്റുകൾ ഉൾപ്പെടുത്തിയ പ്രത്യേക സംഗീത പരിപാടി എന്നിവയും ചടങ്ങിന് കൊഴുപ്പേകി. സിനിമാ ഇതിഹാസങ്ങളായ രാജ് കപൂർ, എ. നാഗേശ്വര റാവു, മുഹമ്മദ് റാഫി, തപൻസിൻഹ എന്നിവരുടെ സ്‌മരണിക സ്റ്റാമ്പും ചടങ്ങിൽ പ്രകാശനം ചെയ്‌തു.