df

ന്യൂഡൽഹി : 2008 മുംബയ് ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിന് പോലും ന്യായമായ വിചാരണ ഉറപ്പാക്കിയ രാജ്യമാണ് ഇന്ത്യയെന്ന്, ജമ്മു കാശ്‌മീർ വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ കേസ് പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചു. ജയിലിൽ പ്രത്യേക കോടതി ഒരുക്കാവുന്നതേയുള്ളു. സാക്ഷികൾക്ക് സുരക്ഷ ഏർപ്പാടാക്കണം. വീഡിയോ കോൺഫറൻസ് മുഖേന ക്രോസ് വിസ്‌താരം സാദ്ധ്യമല്ലല്ലോയെന്നും ജസ്റ്റിസുമാരായ അഭയ് എസ്.ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്ദിന്റെ മകളെ തട്ടിക്കൊണ്ടുപോയതിനും,​ നാല് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന കേസിലും വിചാരണയ്‌ക്ക് യാസിൻ മാലികിനെ നേരിട്ട് ഹാജരാക്കണമെന്ന് ജമ്മുവിലെ പ്രത്യേക കോടതി നിർദ്ദേശിച്ചിരുന്നു. ഇതു ചോദ്യംചെയ‌്ത് സി.ബി.ഐ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സുരക്ഷാ കാരണങ്ങളാൽ വിഘടനവാദി നേതാവിനെ ജമ്മുവിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സി.ബി.ഐയുടെ വാദം. സാക്ഷികളുടെ സുരക്ഷയിലും, കേന്ദ്ര ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത ആശങ്കയുന്നയിച്ചു. ഒരു സാക്ഷി ഇതിനോടകം കൊല്ലപ്പെട്ടു. എല്ലാ പ്രതികളെയും കേട്ടശേഷം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി നിലപാടെടുത്തു. നവംബർ 28ന് വീണ്ടും പരിഗണിക്കും. നിലവിൽ ഭീകരവാദ ഫണ്ടിംഗ് കേസിൽ തീഹാർ ജയിലിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് യാസിൻ മാലിക്.