
ന്യൂഡൽഹി: ഭീകരപ്രവർത്തനത്തിനായി ലഹരിക്കടത്ത് നടത്തുന്ന വൻ ശൃംഖലയെ കണ്ടെത്താൻ ജമ്മു കാശ്മീരിലെ എട്ടിടങ്ങളിൽ എൻ.ഐ.എ റെയ്ഡ്. ദോഡ, ഉധംപൂർ, റിയാസി, റംബാൻ, കിഷ്ത്വാർ ജില്ലകളിലെ എട്ട് സ്ഥലങ്ങളിലായിരുന്നു ഒരേ സമയം പരിശോധന. ലഹരിക്കടത്ത് കേസിലെ ഭീകരനെ ബുധനാഴ്ച കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണവും പരിശോധനകളും കർശനമാക്കിയത്. മേഖലകളിൽ പാക് ഭീകരർ നുഴഞ്ഞുകയറിയോയെന്ന സംശയവും ഏജൻസികൾ പങ്കുവയ്ക്കുന്നു. ജമ്മു കാശ്മീർ അടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാൻ ഫണ്ട് ശേഖരിക്കലിൽ ഏർപ്പെട്ടിരുന്ന മുനീർ അഹമ്മദ് ബന്ദെയാണ് ബുധനാഴ്ച പിടിയിലായത്. 2020 ജൂണിൽ ഹന്ദ്വാരയിൽ നിന്ന് രണ്ടു കിലോ ഹെറോയിനും 20 ലക്ഷം രൂപയും പിടിച്ചെടുത്ത കേസിൽ ഇയാളെ ഏജൻസികൾ അന്വേഷിച്ചു വരികയായിരുന്നു.