
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജോയിന്റ് പാർലമെന്ററി സമിതിയുടെ (ജെ.പി.സി) കാലാവധി നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, റിപ്പോർട്ട് അന്തിമമായെന്നും, ഉടൻ സമർപ്പിക്കുമെന്നും ജെ.പി.സി അദ്ധ്യക്ഷൻ ബി.ജെ.പിയിലെ ജഗദംബിക പാൽ വ്യക്തമാക്കി. ഇന്നലെ നടന്ന യോഗം അവസാനത്തേത് ആണെന്നാണ് ജഗദംബിക പാലിന്റെ നിലപാട്. ഇതോടെ, പ്രതിപക്ഷം ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ ഇടപെടൽ ആവശ്യപ്പെട്ടു. ജെ.പി.സി ചെയർമാൻ പ്രതിപക്ഷവുമായി കൃത്യമായ കൂടിയാലോചന നടത്തുന്നില്ലെന്നാണ് പരാതി. ബില്ലിലെ ഭേദഗതി വ്യവസ്ഥകൾ പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.
ഡിസംബർ 20 വരെ നീളുന്ന ശീതകാല സമ്മേളനത്തിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. അടുത്തയാഴ്ച തന്നെ ജോയിന്റ് പാർലമെന്ററി സമിതി റിപ്പോർട്ട് സമർപ്പിച്ചേക്കും. കഴിഞ്ഞ ആഗസ്റ്റ് 22ന് രൂപീകരിച്ച ജെ.പി.സി ഇതുവരെ 25 യോഗങ്ങൾ ചേർന്നു. വിവിധ വഖഫ് ബോർഡുകൾ, ന്യൂനപക്ഷ കമ്മിഷനുകൾ, സംസ്ഥാനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരുടെ അഭിപ്രായം കേട്ടിരുന്നു.