
ന്യൂഡൽഹി : ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്താനുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാമായിരുന്നുവെന്ന കനേഡിയൻ മാദ്ധ്യമ റിപ്പോർട്ട് വിമർശനത്തോടെ തള്ളി ഇന്ത്യ. കനേഡിയൻ ദിനപത്രമായ 'ദ ഗ്ലോബ് ആൻഡ് മെയിൽ' പുറത്തുവിട്ട റിപ്പോർട്ട് പരിഹാസ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണമാണിത്. മോദി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർക്ക് നിജ്ജറിനെ കൊലപ്പെടുത്താനുള്ള പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ്, പേരു വെളിപ്പെടുത്താത്ത കനേഡിയൻ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്‌തത്.
സാധാരണയായി ഇത്തരം റിപ്പോർട്ടുകളോട് ഇന്ത്യ പ്രതികരിക്കാറില്ല. കനേഡിയൻ അധികൃതരുടെ ഉറവിടത്തിൽ നിന്നുവന്ന പരിഹാസ്യമായ റിപ്പോർട്ടിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. അപവാദ പ്രചാരണം, ഇപ്പോൾ തന്നെ മോശമായി നിൽക്കുന്ന ഇന്ത്യ - കാനഡ ബന്ധത്തെ വീണ്ടും വഷളാക്കുകയേ ഉള്ളുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. 2023 ജൂണിലാണ് കാനഡ നഗരമായ ബ്രിട്ടീഷ് കൊളംബിയയിലെ സുറെയിൽ 34 വെടിയുണ്ടകളേറ്റ് ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ടത്.