manipur

ന്യൂഡൽഹി : മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ അധികമായി നിയോഗിച്ച എട്ട് കമ്പനി കേന്ദ്രസേന തലസ്ഥാനമായ ഇംഫാലിലെത്തി. സി.ആർ.പി.എഫിന്റെയും ബി.എസ്.എഫിന്റെയും നാലു കമ്പനി വീതമാണിത്. ഇംഫാൽ താഴ്‌വരയിലെ സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവയ്‌ക്ക് 23 വരെ അവധി നീട്ടി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ, കാക്ചിംഗ് മേഖലകളിൽ പുലർച്ചെ അഞ്ചു മുതൽ രാവിലെ 10 വരെ കർഫ്യുവിൽ ഇളവ് നൽകിയിട്ടുണ്ട്.

ഗവ‌ർണറെ നിയോഗിക്കണം

മണിപ്പൂരിന് സ്വന്തമായി ഗവർണർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജൂലായ് 31 മുതൽ സ്വന്തം ഗവർണറില്ല. അസാം ഗവർണർ ലക്ഷ്‌മൺ ആചാര്യയ്‌ക്ക് അധികചുമതലയാണ് നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

പ്രതിഷേധവുമായി

എം.എൽ.എമാർ

കുക്കി അക്രമികൾക്കെതിരെ 'മാസ് ഓപ്പറേഷൻ' നടത്താൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ എൻ.ഡി.എയിലെ ഒരുവിഭാഗം എം.എൽ.എമാർ പ്രമേയം പാസാക്കിയതിനെതിരെ 10 കുക്കി എം.എൽ.എമാർ രംഗത്തെത്തി. ബി.ജെ.പിയിലെ ഏഴ് എം.എൽ.എമാർ അടക്കമാണിത്. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി പക്ഷപാതപരമാണെന്ന് ആരോപിച്ചു. എല്ലാ ഭീകരഗ്രൂപ്പുകളിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുക്കണം. കുക്കി വിഭാഗത്തിലെ മൂന്നു കുട്ടികളെ ഉൾപ്പെടെ മെയ്‌തി വിഭാഗത്തിലെ ആറു പേരെ കൊന്നൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രമേയം.