manipoor

മണിപ്പൂരിന്റെ ഭൂപടത്തിൽ,​ ചോരയുടെയും കണ്ണീരിന്റെയും നിസ്സഹായമായ നിലവിളികളുടെയും കാഴ്ചകൾ മായുന്നതേയില്ല. സ്ത്രീകളുടെയും കു‍ഞ്ഞുങ്ങളുടെയും യുവാക്കളുടെയും വികൃതമാക്കപ്പെട്ട മൃതദേഹങ്ങളും, ഉറ്റവരെ നഷ്‌ടപ്പെട്ടവരുടെ ഹൃദയം നുറുങ്ങുന്ന നിലവിളികളും പ്രതിഷേധങ്ങളും ഇവിടെ പതിവു കാഴ്ചയായി മാറിയിരിക്കുന്നു. സായുധരായ അക്രമികൾ ഏതു നിമിഷവും തെരുവുകളിൽ പ്രത്യക്ഷപ്പെടാം. ഒന്നരവർഷം പിന്നിട്ട സംഘർഷങ്ങൾ മണിപ്പൂരിന്റെ തീരാനോവായി,​ ചോര കിനിയുന്ന മുറിവായി തുടരുന്നു.

സംഘർഷം മൂർച്ഛിച്ച ചുരാചന്ദ്പൂരിൽ,​ മകൾ ജനിച്ച ദിവസം തന്നെ പിതാവിന്റെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. അസാമിലെ പുനരധിവാസ ക്യാംപിലായിരുന്ന ഹാവോജോയൽ ഡൗൻഗെൽ ഭാര്യയുടെ പ്രസവ ചെലവുകൾക്കു പണം കണ്ടെത്താൻ ഗ്രാമത്തിലേക്കു പോകുകയായിരുന്നു. ഇതിനിടെ, മെയ്‌തി വിഭാഗക്കാരായ അക്രമികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. മെയ്‌തി വിഭാഗത്തിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറു പേരെ കൊലപ്പെടുത്തിയത് കുക്കി അക്രമികളാണെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് കൂടുതൽ അക്രമങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നത്.

മണിപ്പൂർ സംഘർഷങ്ങളിൽ ഇതുവരെ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. 60,000-ത്തോളം കുടുംബങ്ങൾക്ക് കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും പുനരധിവാസ ക്യാംപുകളിൽ കഴിയുകയാണ്. 15,000-ത്തിലേറെ വീടുകൾ അഗ്നിക്കിരയായി. നൂറുകണക്കിന് ആരാധനാലയങ്ങളും സ്‌കൂളുകളും തകർക്കപ്പെട്ടു. യുവതികളെ ആൾക്കൂട്ടത്തിനിടെ നഗ്നരാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടലോടൊണ് രാജ്യം കണ്ടത്. കേന്ദ്രസർക്കാരും മണിപ്പൂർ സർക്കാരും കാഴ്ചക്കാരായി നിന്നപ്പോൾ,​ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നു.

ബിരേൻ സിംഗിനെ

മാറ്റാത്തതെന്ത് ?

സംഘർഷം നേരിടുന്നതിലും സമാധാനം പുന:സ്ഥാപിക്കുന്നതിലും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് സമ്പൂർണ പരാജയമാണെന്ന വിലയിരുത്തൽ പ്രതിപക്ഷത്തിനു മാത്രമല്ല, ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗത്തിനുമുണ്ട്. ഭരണ മുന്നണിയിലെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി), എൻ.ഡി.എ മുന്നണിയിൽ നിന്നുകൊണ്ടുതന്നെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന രാഷ്ട്രീയ തീരുമാനത്തിലേക്കു പോയി. ഭരണത്തിന് ഭീഷണിയില്ലെങ്കിലും, ഘടകകക്ഷിയുടെ തീരുമാനം ബി.ജെ.പിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നു തീർച്ച. ബിരേൻ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയാൽ തീരുമാനം പുന:പരിശോധിക്കാമെന്ന് എൻ.പി.പി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ യുംനം ജോയ്‌കുമാർ സിംഗ് പ്രത്യാശ പ്രകടിപ്പിക്കുന്നത് ശ്രദ്ധേയമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിരുപാധിക പിന്തുണ ബിരേൻ സിംഗിനുണ്ടെന്ന് ബി.ജെ.പിക്കുള്ളിലെ ഒരു വിഭാഗം രഹസ്യമായും, എൻ.പി.പി പരസ്യമായും പറയുന്നു. പാർലമെന്റിൽ ഉൾപ്പെടെ ബിരേൻ സിംഗിനെ അമിത് ഷാ ന്യായീകരിച്ചിരുന്നു. സമാധാന ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാരുമായി മുഖ്യമന്ത്രി സഹകരിക്കുന്നുണ്ടെന്ന ഉറച്ച നിലപാടിലാണ് അമിത് ഷാ. എന്നാൽ, മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ കഴിയാത്തതിൽ അമിത് ഷായെ അതിരൂക്ഷമായാണ് പ്രതിപക്ഷം ആക്രമിക്കുന്നത്.

ബിരേൻ സിംഗ് കുക്കി വിഭാഗത്തിനെതിരെ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് ബി.ജെ.പിയിലെ ഏഴ് കുക്കി എം.എൽ.എമാർ ആരോപിക്കുന്നു. കുക്കി അക്രമികൾക്കെതിരെ 'മാസ് ഓപ്പറേഷൻ" നടത്താൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ എൻ.ഡി.എയിലെ ഒരുവിഭാഗം എം.എൽ.എമാർ പ്രമേയം പാസാക്കിയതിനെതിരെ ഇവരടക്കം പത്ത് കുക്കി എം.എൽ.എമാർ രംഗത്തുണ്ട്. നിഷ്‌പക്ഷനല്ലാത്ത മുഖ്യമന്ത്രി എങ്ങനെ സമാധാനം പുന:സ്ഥാപിക്കുമെന്ന രാഷ്ട്രീയചോദ്യമാണ് ഒരുവശത്ത് ഉയരുന്നത്.

ഒരുവിഭാഗം അക്രമികൾക്ക് ബിരേൻ സിംഗിന്റെ പിന്തുണയുണ്ടെന്നത് തുടക്കംതൊട്ടേ ഉയരുന്ന ആക്ഷേപമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ജുഡിഷ്യൽ കമ്മിഷനു മുന്നിൽ ചില ഓഡിയോ ടേപ്പുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് ബിരേൻ സിംഗിന്റെ വാദം. സംസ്ഥാന പൊലീസിന്റെ ആയുധപ്പുരയിലുണ്ടായിരുന്ന 5600-ൽപ്പരം അത്യാധുനിക തോക്കുകളും, ആറരലക്ഷം റൗണ്ട് വെടിയുതിർക്കാനുള്ള ഉണ്ടകളും മെയ്‌തി അക്രമികൾ കവർച്ച ചെയ്‌തത് വൻവിവാദമായിരുന്നു. ഇവയിൽ 1757 തോക്കുകളും, 22707 റൗണ്ട് വെടിയുണ്ടകളും മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

സമാധാനശ്രമങ്ങൾ വൈകുന്നത് കുക്കി - മെയ്‌തി മനസുകളുടെ സമ്പൂർണമായ അകൽച്ചയിലായിരിക്കും അവസാനിക്കുക. വംശീയ സംഘർഷങ്ങൾക്ക് വലിയ വില ഇപ്പോൾത്തന്നെ വടക്കു കിഴക്കൻ സംസ്ഥാനം നൽകിക്കഴിഞ്ഞു. പരസ്‌പരം ആയുധമെടുത്ത് ആക്രമിക്കുന്ന വിഭാഗങ്ങൾക്കിടയിൽ സമാധാനത്തിന്റെ പാലം ആരു കെട്ടുമെന്ന നിർണായക ചോദ്യത്തിനാണ് രാജ്യം ഉത്തരം തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുതവണ പോലും മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നത് നിരാകരിക്കാനാകാത്ത വസ്‌തുതയായി നിലനിൽക്കുന്നു. കൂടുതൽ കമ്പനി കേന്ദ്രസേനയെ ഇംഫാലിലും സംഘർഷബാധിത മേഖലകളിലും നിയോഗിച്ചിട്ടുണ്ട്.

സ്വതന്ത്രനാക്കൂ

എന്ന് ബിരേൻ

തന്റെ കൈയും കാലും കേന്ദ്ര സർക്കാർ കെട്ടിയിരിക്കുന്നുവെന്ന വികാരം ബിരേൻ സിംഗിനുണ്ടെന്നാണ് ഭരണവൃത്തങ്ങളിൽ നിന്നുയരുന്ന സൂചനകൾ. സായുധ അക്രമി സംഘങ്ങൾക്കെതിരെ കടുത്ത നടപടിക്ക് താൻ തയ്യാറാണെന്നാണ് സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയായ ബിരേൻ സിംഗിന്റെ നിലപാട്. കുക്കികളുടെ സ്വയംഭരണ ഭരണകൂടം എന്ന ആവശ്യത്തെയും എതിർക്കുന്നു. അക്രമങ്ങൾക്കു പിന്നിൽ വിദേശ ശക്തികളുടെ പങ്കും തള്ളിക്കളയുന്നില്ല. എന്നാൽ ഇത് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തിരക്കഥയുടെ ഭാഗമാണെന്ന് പ്രതിപക്ഷം പറയുന്നു.

കസേരയ്‌ക്ക് ഇളക്കം തട്ടുമ്പോൾ രാഷ്ട്രീയ നാടകം കളിക്കുന്നതിലും ബിരേൻ സിംഗ് പിന്നിലല്ല. 2023 ജൂണിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുപോകുമെന്ന ഘട്ടമെത്തിയപ്പോൾ, രാജ്ഭവനിലേക്ക് രാജിക്കത്തുമായി അദ്ദേഹം പോയി. എന്നാൽ, അനുകൂലികൾ കാർ തടഞ്ഞുനിറുത്തി രാജിക്കത്ത് വലിച്ചുകീറിക്കളഞ്ഞു. പിന്നാലെ, നിർണായക സാഹചര്യത്തിൽ രാജിവയ്‌ക്കുന്നില്ലെന്ന് അനുകൂലികൾക്ക് ബിരേൻസിംഗ് ഉറപ്പുനൽകി മടങ്ങിയെത്തിയ നാടകത്തിനും സംസ്ഥാന രാഷ്ട്രീയം സാക്ഷിയാണ്.

കേന്ദ്രസർക്കാർ മുൻകയ്യെടുത്ത് മണിപ്പൂരിൽ രാഷ്ട്രീയ പരിഹാരമുണ്ടാക്കുക മാത്രമാണ് കലാപങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാൻ പോംവഴിയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എല്ലാ വിഭാഗങ്ങളെയും കേട്ട്, അവരെ വിശ്വാസത്തിലെടുത്തു മാത്രമേ പരിഹാര ശ്രമങ്ങൾ വിജയിക്കുകയുള്ളൂ. മുറിവേറ്റ സംസ്ഥാനത്തിന് മുറിവുണക്കലാണ് ആദ്യം വേണ്ടത്; കടുത്ത നടപടികളോ രാഷ്ട്രീയ ലക്ഷ്യങ്ങളോ അല്ല. ചർച്ചകൾ സുതാര്യമായിരിക്കണം. ഓരോ ഇരയ്‌ക്കും നീതി ഉറപ്പാക്കുന്നതുമാകണം.