
ന്യൂഡൽഹി : ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ പദങ്ങൾ കൂട്ടിച്ചേർത്തതിനെ ചോദ്യംചെയ്‌ത് സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി 25ന് വിധി പറയും. വിഷയം വിശാല ബെഞ്ചിന് വിടില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തത വരുത്തി. 1976ൽ 42ാം ഭരണഘടനാ ഭേദഗതി മുഖേന രണ്ടു പദങ്ങളും ആമുഖത്തിൽ ഉൾക്കൊള്ളിച്ചതിനെതിരെ ബി.ജെ.പി നേതാവ് ഡോ.സുബ്രഹ്‌മണ്യൻ സ്വാമി, അഡ്വ. അശ്വിനികുമാർ ഉപാദ്ധ്യായ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യൻ സാഹചര്യത്തിൽ 'സോഷ്യലിസം' എന്നത് ക്ഷേമരാഷ്ട്രം എന്നാണ് അർത്ഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. സ്വകാര്യമേഖലയുടെ വളർച്ചയെ തടഞ്ഞിട്ടില്ല. 'മതേതരത്വം' എന്നത് ഭരണഘടനയുടെ അടിസ്ഥാനശിലയുടെ ഭാഗമാണ്. പല ചരിത്രവിധികളിലും പരമോന്നത കോടതി തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.