
ന്യൂഡൽഹി : വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന മേഖലയിൽ ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട ഹർജികളിൽ മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. വിഷയം ഡിസംബർ 17ന് വീണ്ടും പരിഗണിക്കും. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ പരിശോധനയാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മസ്ജിദിൽ കണ്ടെത്തിയത് ശിവലിംഗമല്ല, ജലധാരയാണെന്നാണ് മസ്ജിദ് കമ്മിറ്രിയുടെ നിലപാട്. ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന ഭാഗമൊഴികെ പളളി വളപ്പിലെ മുഴുവൻ ഇടങ്ങളിലും ശാസ്ത്രീയസർവേ നടത്താൻ 2023 ആഗസ്റ്റ് നാലിന് സുപ്രീംകോടതി ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്‌ക്ക് അനുമതി നൽകിയിരുന്നു.