
ന്യൂഡൽഹി : മണിപ്പൂരിൽ സംഘർഷ സാഹചര്യം തുടരുന്നതിനിടെ, രാഷ്ട്രീയ വാക്പോര് കടുപ്പിച്ച് ബി.ജെ.പിയും കോൺഗ്രസും. വാസ്‌തവവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ അസത്യപ്രചാരണം കോൺഗ്രസ് നടത്തുന്നുവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ആരോപിച്ചു. സംഘർഷങ്ങളിൽ ഇടപെടലാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് നൽകിയിരുന്നു. ഇതിനോട് പ്രതികരിച്ച് നദ്ദ, ഖാർഗെയ്‌ക്ക് കത്തയച്ചു. മണിപ്പൂരിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പ്രാദേശിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ ദയനീയ പരാജയത്തിന്റെ അനന്തരഫലങ്ങളാണ് ഇതെന്ന് നദ്ദ കുറ്റപ്പെടുത്തി. വിദേശ ഭീകരരുടെ കുടിയേറ്റം കോൺഗ്രസ് സർക്കാരാണ് നിയമപരമാക്കിയത്. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അവരുമായി കരാറുമുണ്ടാക്കി. രാജ്യത്തിന്റെ സുരക്ഷ പരിഗണിക്കാതെ, ഭീകരർക്ക് ഇടം നൽകി. ആ തീവ്രസംഘടനകളാണ് മണിപ്പൂരിനെ അശാന്തമാക്കാൻ ശ്രമിക്കുന്നതെന്നും നദ്ദ പറഞ്ഞു.
നദ്ദയുടെ കത്തിൽ അസത്യങ്ങളെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് തിരിച്ചടിച്ചു. യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണ് മണിപ്പൂർ സന്ദർശിക്കാൻ പോകുന്നത് ? എൻ. ബിരേൻ സിംഗ് എത്രകാലം മുഖ്യമന്ത്രിയായി തുടരും ? എന്നാണ് മുഴുവൻ സമയ ഗവർണറെ സംസ്ഥാനത്ത് നിയമിക്കാൻ പോകുന്നത് ? പരാജയത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എപ്പോഴാണ് ഏറ്റെടുക്കുക ? ഈ നാലു ചോദ്യങ്ങൾക്കാണ് മണിപ്പൂർ ഉത്തരം തേടുന്നതെന്നും കൂട്ടിച്ചേർത്തു. അതേസമയം, 16ന് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ച കേസുകളിൽ ഏഴുപേർ കൂടി അറസ്റ്റിലായി. ഇതോടെ, പിടിയിലായവരുടെ എണ്ണം 32 ആയി.
മൃതദേഹങ്ങൾ ഏറ്റുവാങ്ങി
കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ, ജിരിബാമിൽ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്രുവാങ്ങി. അസാമിലെ സിൽച്ചാൽ മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ.
കൊല്ലപ്പെട്ടത് 258 പേർ ;
90 കമ്പനി സേന കൂടിയെത്തും
2023 മേയിൽ സംഘർഷം ആരംഭിച്ച ശേഷം മണിപ്പൂരിൽ ഇതുവരെ കൊല്ലപ്പെട്ടത് 258 പേരെന്ന് ഔദ്യോഗിക കണക്ക്. സംസ്ഥാനത്തിന്റെ സുരക്ഷാ ഉപദേഷ്‌ടാവ് കുൽദീപ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസേനയുടെ 90 കമ്പനികൾ അധികമായി മണിപ്പൂരിലെത്തുന്നുണ്ട്. നിലവിൽ 198 കമ്പനി കേന്ദ്രസേനയാണ് സംസ്ഥാനത്തുള്ളത്. ഇംഫാലിൽ സുരക്ഷാ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു സംസ്ഥാനത്തിന്റെ സുരക്ഷാ ഉപദേഷ്‌ടാവ്. കരസേന-പൊലീസ്-കേന്ദ്രസേനയിലെ ഉന്നത ഉദ്യോഗസ്ഥരും, ജില്ലാ കളക്‌ടർമാരും അടക്കം യോഗത്തിൽ പങ്കെടുത്തു.
അതിനിടെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഡി. കൃഷ്‌ണകുമാർ ചുമതലയേറ്റു.