
മലയാളത്തിന്റെ സ്നേഹഭാജനം, പ്രൊഫ. ഓംചേരി എൻ. എൻ. പിള്ള വിടവാങ്ങി! ഡൽഹിയിൽ ഉണ്ടായിരുന്ന ഏഴു വർഷക്കാലം ഓംചേരി സാറുമായി ഏറ്റവും അടുത്ത് ഇടപഴകുവാനും ഒരുമിച്ച് പ്രവർത്തിക്കുവാനും ലഭിച്ച അവസരം ജീവിതത്തിലെ വലിയ സൗഭാഗ്യമായി ഞാൻ കരുതുന്നു. ഓംചേരി സാറിനെപ്പോലെ സന്മനസുള്ള വ്യക്തികളെ കാണുവാൻ പ്രയാസമാണ്. സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, കലാ- നാടക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സന്മനസിന്റെയും ഹൃദയവിശാലതയുടെയും പൂർണകുംഭമെന്ന നിലയ്ക്ക് പരിചയപ്പെട്ടവരുടെയെല്ലാം സ്നേഹഭാജനവും ആരാധനാപാത്രവുമായി.
ഓംചേരി എന്നത് ഡൽഹി മലയാളികൾക്ക് ഒരു ഇതിഹാസം തന്നെയായിരുന്നു. ഓംചേരി സാർ എന്തൊക്കെയായിരുന്നുവെന്ന് ഓർത്തെടുക്കുക എളുപ്പമല്ല. അത്രയേറെ വിപുലമാണ് ആ കർമ്മയോഗിയുടെ സഞ്ചാരപഥങ്ങൾ. ഞാൻ ഏഴു കൊല്ലക്കാലം ഡൽഹിയിൽ ഉണ്ടായിരുന്ന കാലയളവിൽ ദിവസേനയെന്നോണം അദ്ദേഹത്തെ അടുത്തറിയുവാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ ഞാൻ കണ്ട വലിയൊരു ഗുണം സന്മയം അഥവാ സാത്മകത്വം തന്നെയാണ്. എല്ലാവരോടും സ്നേഹത്തോടും സൗഹാർദ്ദത്തോടും പെരുമാറുക എന്നത് അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവമായിരുന്നു.
ലോകാ: സമസ്താ: സുഖിനോ ഭവന്തു എന്ന് പ്രാർത്ഥിക്കുകയും അതിനു വേണ്ടി ഓരോ നിമിഷവും ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മഹദ്വ്യക്തിത്വമായിരുന്നു അത്. അദ്ദേഹത്തിനു മുന്നിൽ എത്തുന്ന ഓരോ വ്യക്തിയും ആ പ്രസന്നതയുടെ, സന്മനസ്സിന്റെ ഒരു ഭാഗമെങ്കിലും സ്വായത്തമാക്കി നിറപുഞ്ചിരിയോടെയാണ് അവിടം വിട്ടുപോകാറ്. എല്ലാവരെയും എപ്പോഴും ഊഷ്മളതയോടെ സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ മുഖഭാവം ചുറ്റുപാടു മുഴുവൻ സന്തോഷഭരിതമാക്കും!
'Some people cause happiness wherever they go" എന്ന് ഓസ്കാർ വൈൽഡ് പറഞ്ഞതിന്റെ ഉത്തമ നിദർശനമായിരുന്നു ഓംചേരി. സ്നേഹ സൗഹാർദ്ദങ്ങളിൽ അടിയുറച്ച ബന്ധം എല്ലാവരുമായും സൃഷ്ടിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞത് നിർമ്മത്സരവും നിസംഗവും അനസൂയവുമായ ആ ചേതനയുടെ താരത്തിളക്കം മൂലമായിരുന്നു. ജി. ശങ്കരക്കുറുപ്പിന്റെ, നക്ഷത്രങ്ങളെക്കുറിച്ചുള്ള കവിതാശകലം അന്വർത്ഥമാക്കുന്ന ജീവിത വീക്ഷണത്തിന്റെ ഉടമയായിരുന്നു ഓംചേരി. 'ജീവിതമെനിക്കൊരു/ ചൂളയായിരുന്നപ്പോൾ/ ഭൂവിനാവെളിച്ചത്താൽ/ വെണ്മ ഞാനുളവാക്കി..." എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തികച്ചും യാഥാർത്ഥ്യമായി.
സമയത്തെ സംബന്ധിച്ച് വളരെ ഗൗരവമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഓരോ നിമിഷവും പ്രയത്നത്തിനു വേണ്ടിയുള്ളതാണെന്നും, നഷ്ടപ്പെടുന്ന നിമിഷങ്ങൾ വ്യർത്ഥ ജീവിതത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
ഓംചേരിയുടെ പ്രവർത്തന മേഖലകളിലൂടെ കണ്ണോടിക്കുമ്പോൾ അതിന്റെ വൈപുല്യം നമ്മെ ആശ്ചര്യപ്പെടുത്താതിരിക്കില്ല. പ്രശസ്തനായ നാടകാചാര്യൻ, അക്കാഡമിക് വിദഗ്ദ്ധൻ, പ്രഗത്ഭനായ അദ്ധ്യാപകൻ, ഭരണകർത്താവ്, സംഘാടകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി. അതോടൊപ്പം അദ്ദേഹം കവിയും സാമൂഹിക പ്രവർത്തകനുമായിരുന്നു. കലയും ആത്മീയതയും ഓംചേരിയുടെ ജീവിതത്തിൽ വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. നാടകമാണ് സ്വന്തം തട്ടകമെങ്കിലും എല്ലാ കലകളോടും ഇത്രയും മമതയും താത്പര്യവുമുള്ള വ്യക്തികൾ വിരളം തന്നെ. കഥകളിയാകട്ടെ, സംഗീതമാകട്ടെ, നൃത്തമാകട്ടെ, വാദ്യമാകട്ടെ, ഏതു കലയും കാണുവാനും പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം മുൻനിരയിൽത്തന്നെയുണ്ടാകും. കലാകാരന്മാർക്ക് മുന്നോട്ടു പോകാനുള്ള എല്ലാ പിന്തുണയും എപ്പോഴും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാം. അങ്ങനെ കലകളെ സംസ്കാരത്തിന്റെ പതാകവാഹകരായി കണക്കാക്കുന്ന ജീവിത വീക്ഷണമായിരുന്നു ഓംചേരിയുടേത്.
മറ്റൊരു പ്രധാന വസ്തുത, സാമൂഹിക പുരോഗതിയിലും സാംസ്കാരിക പുരോഗതിയിലും അദ്ദേഹത്തിനുണ്ടായിരുന്ന താത്പര്യമാണ്. ഓംചേരിയുടെ ആദ്യ നാടകം മന്നത്തു പത്മനാഭൻ എന്ന മഹാനായ നേതാവിനെ പരാമർശിച്ചു കൊണ്ടുള്ളതായിരുന്നുവെങ്കിൽ, രണ്ടാമത്തെ നാടകമായ ‘ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു’ ഏ.കെ.ജി. എന്ന മറ്റൊരു മഹാനായ നേതാവിന്റെ നിർദ്ദേശപ്രകാരം എഴുതപ്പെട്ടതായിരുന്നു. പിന്നീട് ‘ഇത് നമ്മുടെ നാടാണ്, 'തേവരുടെ ആന’ തുടങ്ങിയ നാടകങ്ങൾ വഴി സാമൂഹിക ജീവിതത്തിന്റെ സ്പന്ദനങ്ങൾ അദ്ദേഹം ഹൃദയം കൊണ്ട് ഒപ്പിയെടുത്തു. മാനുഷികതയുടെ പക്ഷത്ത് അതിന്റെ ആരാധകനും പ്രയോക്താവുമായി എപ്പോഴും നിലകൊണ്ടു. അതാണ് ആ സർഗ സപര്യയുടെ മഹത്വം. അത് സോദ്ദേശ്യ നാടകരചനയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സമൂഹത്തിൽ ഉച്ചനീചത്വങ്ങളും പട്ടിണിയും നിരക്ഷരതയും ഇല്ലാതാക്കുന്നതിൽ അദ്ദേഹം എപ്പോഴും പ്രവർത്തന നിരതനായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ്, സംസ്ഥാന സർക്കാരിന്റെ കേരളപ്രഭാ പുരസ്കാരം എന്നിവയെല്ലാം ആ വ്യക്തിവൈശിഷ്ട്യവുമായി താരതമ്യപ്പെടുത്തുമ്പോൾ നിഷ്പ്രഭമായിത്തീരുന്ന രീതിയിലുള്ള വ്യക്തിത്വമായിരുന്നു ഓംചേരിയുടേത്. പ്രിയപത്നി ലീലാ ഓംചേരി അന്തരിച്ച്, ഒരുവർഷം തികഞ്ഞ സന്ദർഭത്തിലാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം. അവസാനനിമിഷം വരെ തികഞ്ഞ ഓർമ്മശക്തിയും നിറഞ്ഞ പ്രസന്നതയും അദ്ദേഹത്തിന്റെ ജീവിതത്തെ വ്യതിരിക്തമാക്കി.
കേരള ക്ലബ്ബിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ സാഹിത്യത്തിനും കലയ്ക്കും പ്രോത്സാഹനം നൽകാൻ അദ്ദേഹത്തിനു സാധിച്ചു. മൂന്നു ദശാബ്ദക്കാലത്തെ പ്രവർത്തന ഫലമായി ഭാരതീയ വിദ്യാഭവനെ ജനപ്രീതിയുള്ള കലാലയമാക്കി ഉയർത്തിയത് അദ്ദേഹത്തിന്റെ അർപ്പണ മനോഭാവവും കർമ്മശേഷിയുമാണ്. ഡൽഹിയിലെ മലയാളി സംഘടനകളിലെല്ലാം ഓംചേരിയുടെ കർമ്മശേഷി വ്യാപരിച്ചിട്ടുണ്ട്. ഓംചേരിയുടെ വിയോഗം ഡൽഹി മലയാളികളുടെ മാത്രമല്ല, മലയാളത്തിന്റെ മുഴുവൻ തീരാനഷ്ടമാണ്. ഓംചേരിയുടെ സൗമ്യദീപ്തമായ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ.
(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)