d

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ലോക‌്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭയിലും ആവർത്തിക്കാമെന്ന കോൺഗ്രസ് പ്രതീക്ഷ തകർത്താണ് ബി.ജെ.പിയുടെ മഹായുതി മുന്നണി മുന്നേറിയത്. അത് സംസ്ഥാനത്തെ ബി.ജെ. പിയുടെ ഏറ്റവും മികച്ച പ്രകടനവും (131) ആയി.

48 ലോക്‌സഭാ സീറ്റിൽ 30ഉം നേടിയ കോൺഗ്രസ് വൻ പ്രതീക്ഷയിൽ 101 നിയമസഭാ സീറ്റിൽ മത്സരിച്ചെങ്കിലും ജയിച്ചത് 20ൽ മാത്രം. മഹാവികാസ് അഘാഡിക്കേറ്റ തിരിച്ചടിയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാറിന്റെ എൻ.സി.പിയും മുങ്ങി.

ബി.ജെ.പിക്കൊപ്പം മുന്നേറിയ ഏക്‌നാഥ് ഷിൻഡെ വിഭാഗം ശിവസേനയ്ക്കും അജിത് പവാറിന്റെ എൻ.സി.പിക്കും ജനങ്ങളുടെ അംഗീകാരവുമായി.

സഖ്യകക്ഷികളെ തഴഞ്ഞ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന പതിവ് കോൺഗ്രസിന് തിരിച്ചടിയായി. ശിവസേനയ്ക് 95ഉം എൻ.സി.പിക്ക് 86ഉം സീറ്റ് നൽകി ഒതുക്കിയ കോൺഗ്രസ് സി.പി.എമ്മിനും സമാജ്‌വാദി പാർട്ടിക്കും സീറ്റ് നൽകിയതുമില്ല. ഒറ്റയ്‌ക്ക് മത്സരിച്ച ഇരു പാർട്ടികളും സീറ്റുകൾ നേടിയത് ശ്രദ്ധേയം.


പിഴവു തിരുത്തി മഹായുതി

അതേസമയം ലോക്‌സഭാ തിരിച്ചടിയിൽ പാഠമുൾക്കൊണ്ട മഹായുതി നേട്ടമുണ്ടാക്കി. ലോക്‌സഭാ തോൽവിക്ക് ശേഷം ഏകനാഥ് ഷിൻഡെ സർക്കാർ ബഡ്‌ജറ്റിൽ നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. സ്ത്രീകളുടെ അക്കൗണ്ടിൽ പണം ഇടുന്ന 'മുഖ്യമന്ത്രി - മേരി ലാഡ്‌ലി ബെഹൻ യോജന'യിലെ 1500 രൂപ 2000 ആയി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം സ്‌ത്രീകളെ ആകർഷിച്ചു. ഇതിനെ ചെറുക്കാൻ മഹാവികാസ് അഘാഡി മാസം 3000 രൂപ വാഗ്‌ദാനം ചെയ്‌തെങ്കിലും നേരത്തെ പദ്ധതിയെ എതിർത്തതിനാൽ സ്ത്രീകൾ വിശ്വസിച്ചില്ല.

വിദർഭയിലും ഗ്രാമങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് നഷ്‌ടം മഹായുതി പരിഹരിച്ചു. ഗ്രാമങ്ങളിൽ 48.7% വോട്ട് ലഭിച്ചു (എം.വി.എ 35.6% ). വിദർഭയിൽ, 47.6%. (എം.വി.എ 38.9%). കൊങ്കൺ, വടക്കൻ മഹാരാഷ്ട്ര, പശ്ചിമ മഹാരാഷ്ട്ര മേഖലകളിൽ മഹായുതി 50% വോട്ട് നേടി. ഹിന്ദുവോട്ടുകൾ ഒന്നിപ്പിക്കാൻ 'ബത്തേങ്കേ തോ കട്ടേംഗേ' (ഒന്നിച്ചില്ലെങ്കിൽ നശിക്കും) എന്ന മുദ്രാവാക്യവും ഫലം ചെയ‌്തു.

ബോക്സ്

ഉദ്ധവും വീണു , പവാറും

മറാത്ത -ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തിക്കാട്ടുന്ന ശിവസേനയുടെ പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിച്ചതാണ് ഉദ്ധവ് താക്കറെ പക്ഷത്തിനു കനത്ത തിരിച്ചടി

നൽകിയത്. കോൺഗ്രസുമായി ഐക്യപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായാൽ താൻ ശിവസേന തന്നെ പിരിച്ചു വിടുമെന്ന് ശിവസേനയുടെ സൃഷ്ടാവായ ബാൽ താക്കറെ മുമ്പ് പറഞ്ഞിട്ടുണ്ട് അടിസ്ഥാന നയത്തിൽ നിന്ന് ചുവടു മാറ്റിയപ്പോൾ ബാൽ താക്കറെയുടെ ആശയാദർശങ്ങൾ ഉയർത്തിക്കാട്ടാൻ ഉദ്ധവ് പക്ഷത്തിനു കഴിയാതെയായി. ഇത് ശിവസേന അണികൾക്ക് ദഹിക്കുന്നതേ ആയിരുന്നില്ല.എന്നാൽ മറുഭാഗത്ത് ഏക് നാഥ് ഷിൻഡേയാകട്ടെ ബാൽ താക്കറെയുടെ സിദ്ധാന്തങ്ങൾ മുറുകെ പിടിച്ച് പാർട്ടിയെ തന്റെ വരുതിയിലാക്കി . മഹാരാഷ്ട്രയിൽ നടന്നു വന്ന വികസന പ്രവർത്തനങ്ങൾ അധികാരത്തിലിരുന്ന ആദ്യ പാതിയിൽ എൻ.സി.പി ,(പവാർ )ശിവസേന( ഉദ്ധവ് ) സർക്കാർ ഉപേക്ഷിച്ചതും വിനയായി.അതെല്ലാം വാശിയോടെ ഷിൻഡേ സർക്കാർ നടപ്പിലാക്കുകയും ചെയ്തു.ജനം കാത്തിരുന്നു വോട്ട് ചെയ്ത് പകരം വീട്ടിയതുപോലെയായി ഈ വിധിയെഴുത്ത്.

ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയത്തിൽ അഭിരമിച്ച ശരദ് പവാർ പക്ഷ എൻ.സി.പിക്കും കണക്കു കൂട്ടൽ പിഴച്ചു.മറാത്ത രാഷ്ട്രീയത്തിലെ അതികായനായ പവാറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പടിയിറക്കം കൂടിയായി ഈ പരാജയത്തെ വിശേഷിപ്പിക്കാം. അനന്തരവനായ

അജിത് പവാറാകട്ടെ യഥാർത്ഥ എൻ.സി.പി തന്നോടൊപ്പമാണെന്ന് തെളിയിക്കുകയും ചെയ്തു.

ശിവസേനയേയും എൻ.സി.പിയേയും പിളർത്തി സർക്കാരുണ്ടാക്കിയ ബി.ജെ.പി ഈ തിരഞ്ഞെടുപ്പിൽ തങ്ങളോടൊപ്പം നിലകൊണ്ട ഇരുപക്ഷത്തെയും കരുത്തരാക്കുകയും കൃത്യമായ ആസൂത്രണത്തിലൂടെ ലക്ഷ്യം കാണുകയും ചെയ്തു.ഇനിയിപ്പോൾ ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ പിന്തുണ മാത്രമായാലും

ബി.ജെ.പിക്കു ഭരിക്കാം.