hemant-soren

ന്യൂഡൽഹി : ജാർഖണ്ഡിൽ മുഖ്യമന്ത്രി ആയിരിക്കെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ചു വരെ ഒതുക്കാനുള്ള ബി. ജെ. പിയുടെ ശ്രമങ്ങളെല്ലാം പാഴായി. ഇ.ഡി, സി. ബി. ഐ കേസുകളും, ഉറ്റ ബന്ധുക്കൾ ഉൾപ്പെടെയുള്ള പ്രമുഖരെ ബി.ജെ. പി ചാക്കിട്ടതും ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികളെയാണ് സോറൻ അതിജീവിച്ചത്. സോറൻ ഭരണം തുടരട്ടയെന്ന് ജനം വിധിയെഴുതി.

പിതാവ് ഷിബു സോറന്റെ കാലം മുതൽ ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന വർഗങ്ങൾക്കിടയിലെ ജെ.എം. എം. പാർട്ടിയുടെ സ്വാധീനം ഒട്ടും കുറഞ്ഞില്ലെന്ന് തെളിയിക്കുന്ന ആധികാരിക വിജയമാണ് നേടിയത്.

2000ൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത്തവണ റെക്കോർഡ് പോളിംഗ് ആയിരുന്നു. 67.74%. ഛോട്ടാ നാഗ്പൂർ, കൊൽഹൻ, കൊയ്ലാഞ്ചൽ, പാലമു, സന്താൾ പർമാന തുടങ്ങിയ നിർണായക മേഖലകൾ ജാർഖണ്ഡ് മുക്തി മോർച്ച -കോൺഗ്രസ്-ആർ.ജെ.ഡി ഉൾക്കൊള്ളുന്ന 'ഇന്ത്യ' സഖ്യത്തിനൊപ്പം നിന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 200ൽപ്പരം റാലികളാണ് ഹേമന്ത് സോറനും, ഭാര്യ കൽപനയും സംഘടിപ്പിച്ചത്.

 വിജയഘടകങ്ങൾ

1. ഗോത്ര വിഭാഗങ്ങളുടെ ശക്തമായ പിന്തുണ

2. ഭരണത്തിൽ ആദിവാസി ക്ഷേമത്തിന് ഊന്നൽ

3. സ്ത്രീകൾക്ക് മാസം 1000 രൂപ നൽകുന്ന 'മുഖ്യമന്ത്രി മായിയ സമ്മാൻ യോജന'

4.ഭൂമികുംഭകോണം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സി. ബി. ഐ,​ ഇ.ഡി കേസുകളും അറസ്റ്റും, ജയിൽവാസവും സഹതാപമുണ്ടാക്കി. അറസ്റ്റിലായ സിറ്റിംഗ് മുഖ്യമന്ത്രിയെന്ന രക്തസാക്ഷി പരിവേഷം. ബി.ജെ. പിയുടെ രാഷ്‌ട്രീയ പകപോക്കലെന്ന പ്രചാരണം ഏശി.

5. സോറൻ ജയിലിൽ കിടക്കുമ്പോൾ ഭാര്യ കൽപ്പന സോറൻ ബി.ജെ. പി. വിരുദ്ധ പോരാട്ടവുമായി ജനമദ്ധ്യത്തിൽ

7. ബംഗ്ലാദേശി മുസ്ലീം കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ബി.ജെ. പി പ്രചാരണം തിരിഞ്ഞുകൊത്തി.

8. സോറനെതിരെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ ബി. ജെ. പിക്ക് നേതാവില്ലാതെ പോയി.

9.ജെ.എം.എമ്മിൽ നിന്ന് പ്രമുഖരായ ചമ്പയ് സോറൻ, സീത സോറൻ എന്നിവരെ ബി.ജെ.പി പാളയത്തിലേക്ക് എത്തിച്ചതും ഫലിച്ചില്ല

10. ദേശീയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള ബി.ജെ.പി പ്രചാരണം വോട്ടായില്ല.

 എന്റെ ശക്തി

ജനങ്ങളും, കുടുംബവുമാണ് തന്റെ ശക്തിയെന്ന് ഹേമന്ത് സോറൻ ആവർത്തിക്കാറുണ്ട്. തുടർ ഭരണം ഉറപ്പായതോടെ, ഭാര്യ കൽപ്പനയ്ക്കും പുത്രന്മാരായ നിതിൽ, ബിസ്വജിത് എന്നിവർക്കും ഒപ്പമുള്ള ചിത്രം ഹേമന്ത് സോറൻ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. 'എന്റെ ശക്തി' എന്ന കുറിപ്പോടെ. ഗാൻഡെ മണ്ഡലത്തിലെ വിജയത്തിന് ശേഷം കൽപനയും കുടുംബ ചിത്രം പങ്കുവച്ചു.

 ഹിമന്തയ്‌ക്ക് തിരിച്ചടി

ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്രത്തിൽ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കിയ അസാം മുഖ്യമന്ത്രി ഹിമന്ത് ബിസ്വ ശർമ്മയ്‌ക്ക് പിഴച്ചു. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ബി.ജെ.പി നേതാവാണ് ഹിമന്ത.