s

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ബി.ജെ.പിക്കു വേണ്ടി ശിവസേനയെ പിളർത്തിയ ഏക്‌നാഥ് ഷിൻഡെ, എൻ.സി.പിയെ പിളർത്തിയ അജിത് പവാർ, ഒറിജനൽ തങ്ങളെന്ന് അവകാശപ്പെട്ട ഉദ്ധവ് താക്കറെ (ശിവസേന), ശരദ് പവാർ (എൻ.സി.പി) എന്നിവർക്ക് നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു. ഉദ്ധവിനും ശരദ് പവാറിനും വൻ തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം. അതേസമയം ജനം തങ്ങൾക്കൊപ്പമാണെന്ന് ഷിൻഡെ, അജിത് പവാർ വിഭാഗങ്ങൾ തെളിയിച്ചു.

ശിവസേനയെ പിളർത്തി സർക്കാരുണ്ടാക്കാൻ സഹായിച്ചതിന് പ്രത്യുപകാരമായി ബി.ജെ.പി നൽകിയ മുഖ്യമന്ത്രി പദത്തിലിരുന്ന ഷിൻഡെയ‌്ക്കും ഉപമുഖ്യമന്ത്രി അജിത് പവാറിനും ലോക്‌സഭാ തിരഞ്ഞെടുപ്പ് കയ്‌പേറിയ അനുഭവമായിരുന്നു. ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് അന്ന് ഉദ്ധവും ശരദ് പവാറും വാദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ, ഷിൻഡേയും അജിത്തും കരുത്തുകാട്ടി. ഷിൻഡേയുടെ സേന മത്സരിച്ച 81സീറ്റിൽ 55ലും അജിത് പവാറിന്റെ എൻ.സി.പി 59ൽ 41ലും മുന്നേറി. 95ഇടത്ത് മത്സരിച്ച ഉദ്ധവിന്റെ ശിവസേന 21ലും ശരദ് പവാറിന്റെ എൻ.സി.പി 86-ൽ 10-ലും ഒതുങ്ങി.

ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുടെ നീക്കമാണ് ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡിയെ താഴെയിറക്കി ബി.ജെ. പിയുടെ മഹായുതിയെ ഭരണത്തിലേറ്റിയത്. ഒരു വർഷത്തിനുശേഷം എൻ.സി.പി പിളർത്തിയെത്തിയ അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. ജനപ്രതിനികളുടെ എണ്ണം പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഷിൻഡെ ശിവസേനയെയും അജിത് പവാർ എൻ.സി. പിയെയും യഥാർത്ഥ പാർട്ടികളായി പ്രഖ്യാപിച്ചിരുന്നു.

2019ൽ ഉദ്ധവിന്റെ നേതൃത്വത്തിൽ അവിഭക്ത ശിവസേന നേടിയ 63 സീറ്റിനൊപ്പം എത്തിയില്ലെങ്കിലും ഷിൻഡെ കരുത്തു കാട്ടി. പിതാവ് ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ പാരമ്പര്യം തനിക്കാണെന്ന ഉദ്ധവിന്റെ അവകാശവാദം പൊളിഞ്ഞു. മഹാരാഷ്‌ട്രയിലെ മഹാമേരുവായ ശരദ് പവാറിനെ ഒതുക്കി, അദ്ദേഹം സ്ഥാപിച്ച എൻ.സി. പിയുടെ സ്വത്വം സഹോദരപുത്രൻ അജിത് പവാർ ഏറ്റെടുക്കു

കയുമാണ്. ശരദ്പവാറിന്റെ കോട്ടയായിരുന്ന ബാരാമതിയിൽ സഹോദര പുത്രൻ യുഗേന്ദ്ര പവാറിനെതിരെ അജിത് പവാർ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.