
ന്യൂഡൽഹി : ജാർഖണ്ഡിൽ മത്സരിച്ച നാലു സീറ്റുകളിൽ രണ്ടിടത്ത് സി.പി.ഐ (എം.എൽ)(എൽ) വിജയിച്ചു. മൂന്നിടത്ത് 'ഇന്ത്യ' മുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോൾ, ഒരു സീറ്റിൽ സ്വന്തം നിലയിൽ പോരാടി.
സി.പി.ഐ (മാർക്‌സിസ്റ്റ് - ലെനിനിസ്റ്റ്) (ലിബറേഷൻ) പാർട്ടിയുടെ കേന്ദ്ര കമ്മിറ്രി അംഗം അരുപ് ചാറ്റർജി നിർസയിൽ ബി.ജെ.പിയിലെ അപർണ സെൻ ഗുപ്‌തയെ 1808 വോട്ടിന് പരാജയപ്പെടുത്തി. രണ്ടാം തവണയാണ് അരുപ് നിർസിയിൽ എം.എൽ.എയാകുന്നത്.
സിന്ധ്രിയിൽ പാർട്ടിയുടെ ചന്ദ്രദിയോ മഹതോ, ബി.ജെ.പിയിലെ താരാ ദേവിയെ 3448 വോട്ടുകൾക്ക് തോൽപ്പിച്ചു. 1,05,136 വോട്ടാണ് ചന്ദ്രദിയോ മഹതോ നേടിയത്.
ബാഗോദറിൽ രണ്ടാം സ്ഥാനത്തെത്തിയ സി.പി.ഐ (എം.എൽ)(എൽ) സ്ഥാനാർത്ഥി വിനോദ് കുമാർ സിംഗ്, ബി.ജെ.പിയിലെ നാഗേന്ദ്ര മഹതോയോട് 32617 വോട്ടിന് തോറ്രു. 'ഇന്ത്യ' മുന്നണിയുമായി ധാരണയിൽ എത്താത്ത ധൻവർ സീറ്റിൽ സി.പി.ഐ (എം.എൽ)(എൽ) സ്ഥാനാർത്ഥി രാജ്കുമാർ യാദവ് മൂന്നാം സ്ഥാനത്തായി. ജാർഖണ്ഡിലെ 1.88 ശതമാനം വോട്ടാണ് സി.പി.ഐ (എം.എൽ)(എൽ) നേടിയത്.
മഹാരാഷ്ട്രയിലെ
ദഹാനുവിൽ സി.പി.എം
ന്യൂഡൽഹി: എൻ.ഡി.എ തരംഗം കണ്ട മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ ദഹാനു (പട്ടികവർഗ സംവരണം) നിയമസഭാ സീറ്റിൽ സി.പി.എമ്മിന് ജയം. പാർട്ടി സ്ഥാനാർത്ഥി വിനോദ് ബിവ നിക്കോൾ ബി.ജെ.പിയുടെ മേധാ വിനോദ് സുരേഷിനെ 5,347 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1978 മുതൽ നടന്ന 11 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സി.പി.എം ഇവിടെ നേടുന്ന 10-ാം വിജയമാണിത്. വിനോദ് നിക്കോൾ ജനങ്ങൾക്കിടയിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമുള്ള പ്രതിഫലമാണ് വിജയമെന്ന് പാർട്ടി വിലയിരുത്തി. ഇന്ന് പാർട്ടി നേതൃത്വത്തിൽ തലസാരി ടൗണിൽ വിജയ റാലി സംഘടിപ്പിക്കും.