
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ മിന്നും വിജയത്തിന് വോട്ടർമാർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, സംസ്ഥാനത്തിന്റെ ചരിത്രദിനമെന്ന് വിശേഷിപ്പിച്ചു. സാധാരണ ജനങ്ങളുടെ സർക്കാരാണിത്. സി.എം. എന്നാൽ ചീഫ് മിനിസ്റ്ററല്ല, കോമൺ മാനാണ്. മഹായുതി സഖ്യം എന്തുചെയ്‌തിട്ടാണ് ഇത്രയധികം വോട്ടെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ഉദ്ദവ് താക്കറെ ആശ്ചര്യം പ്രകടിപ്പിച്ചു. തരംഗമല്ല. സുനാമിയാണ് അടിച്ചിരിക്കുന്നത്. കർഷകർ ബുദ്ധിമുട്ടുന്നു. യുവാക്കൾക്ക് ജോലിയില്ല. മഹായുതി സഖ്യം മുന്നോട്ടു വച്ച എല്ലാ വാഗ്ദാനങ്ങളും നടപ്പിലാകട്ടെയെന്നും ഉദ്ദവ് പ്രതീക്ഷ പ്രകടിപ്പിച്ചു. മികച്ച പ്രകടനം നടത്തിയ ബി.ജെ.പി, അവരുടെ നേതാവിനെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.
അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി - ഭരണഘടനയുടെ വ്യാജ അഭ്യുദയകാംക്ഷികളുടെ കട ജനങ്ങൾ പൂട്ടിച്ചു. ഓരോ മഹാരാഷ്ട്രക്കാരന്റെയും വിജയമാണിത്. മികച്ച വോട്ടുശതമാനം നൽകിയ ജാർഖണ്ഡിലെ ജനതയ്‌ക്ക് നന്ദി.
ജെ.പി. നദ്ദ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ, കേന്ദ്രമന്ത്രി - മഹാരാഷ്ട്രയിലെ വിജയം, ജനങ്ങൾക്ക് നരേന്ദ്രമോദിയുടെ നേതൃത്തിലുള്ള ഡബിൾ എൻജിൻ സർക്കാരിനോടുള്ള വിശ്വാസത്തിന്റെ പ്രതിഫലനം. മികച്ച ഭരണത്തിനുള്ള അംഗീകാരം.
ദേവേന്ദ്ര ഫട്നാവിസ്, ബി.ജെ.പി, മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി - ഒറ്റക്കെട്ടായി നിന്നാൽ സുരക്ഷിതരായിരിക്കും. മോദി കൂടെയുണ്ടെങ്കിൽ എല്ലാം സാദ്ധ്യമാണ്.
രാഹുൽ ഗാന്ധി, കോൺഗ്രസ് - 'ഇന്ത്യ' സഖ്യത്തിന് മികച്ച വിജയം സമ്മാനിച്ച ജാർഖണ്ഡിലെ ജനങ്ങൾക്ക് നന്ദി. മഹാരാഷ്ട്രയിലെ ഫലം അപ്രതീക്ഷിതമാണ്. വിശദമായി പഠിക്കും.
കെ.സി. വേണുഗോപാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി - മഹാരാഷ്ട്രാ ഫലം അവിശ്വസനീയം. പാർട്ടി പരിശോധിക്കുന്നു.
ഹേമന്ത് സോറൻ, ജാർഖണ്ഡ് മുഖ്യമന്ത്രി - 'ഇന്ത്യ' മുന്നണി ജനാധിപത്യത്തിന്റെ പരീക്ഷ ജയിച്ചു.
ചമ്പൈ സോറൻ, ബി.ജെ.പി - ജാർഖണ്ഡിലെ ജനവിധി അംഗീകരിക്കുന്നു.
യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി - മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും, ഉത്തർപ്രദശിലെ ഉപതിരഞ്ഞെടുപ്പിലും അടക്കം നേടിയ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവം. വിജയികളായ എല്ലാ സ്ഥാനാർത്ഥികൾക്കും നന്ദി.
അഖിലേഷ് യാദവ്, സമാജ്‌വാദി പാർട്ടി - ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പിൽ കണ്ടത് രാഷ്ട്രീയത്തിന്റെ ഏറ്റവും വികലമായ രൂപം. തിരഞ്ഞെടുപ്പിനെ അഴിമതിയുടെ പര്യായമാക്കി.