
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണി ഉയർത്തിയ നിഷേധാത്മക രാഷ്‌ട്രീയത്തിനും പ്രീണനത്തിനും ജനം നൽകിയ മറുപടിയാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വിജയമൊരുക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'ഏക് ഹേ തോ സേഫ് ഹേ’(ഒന്നിച്ചാൽ നല്ലത്) എന്ന മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം നിർണായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ വികസനവും സദ്ഭരണവും സാമൂഹ്യനീതിയും വിജയിച്ചു. നുണകളും വഞ്ചനയും ദയനീയമായി പരാജയപ്പെട്ടു. നിഷേധാത്മക രാഷ്ട്രീയവും കുടുംബ വാദവും ജനം തള്ളി. വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയം മഹാരാഷ്ട്ര ഏറ്റെടുത്തു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഇന്ത്യ-അഘാഡിയുടെ ഇരട്ടമുഖം തുറന്നുകാട്ടി. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയെ കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ താൻ നടത്തിയ വെല്ലുവിളിക്ക് മറുപടിയില്ല. വഖഫ് ബോർഡ് കോൺഗ്രസ് പ്രീണന രാഷ്‌ട്രീയത്തിന്റെ ഉദാഹരണമാണെന്നും മോദി കുറ്റപ്പെടുത്തി. അംബേദ്‌കർ സൃഷ്‌ടിച്ച ഭരണഘടനയിൽ വഖഫിന് സ്ഥാനമില്ല. കോൺഗ്രസ് ഇത്തിൾക്കണ്ണി പാർട്ടിയാണെന്നും സഖ്യ കക്ഷികളില്ലാതെ ഭരണത്തിലേറാൻ കഴിവില്ലെന്നും പരിഹസിച്ചു.
തിരഞ്ഞെടുപ്പിലെ വിജയത്തിന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരെ അദ്ദേഹം പ്രശംസിച്ചു.