d

ന്യൂഡൽഹി : വിദ്യാർത്ഥി കാലയളവിൽ താൻ എൻ.സി.സി സേവനം നടത്തിയത് ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻ.സി.സി ദിനമായ ഇന്നലെ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നാഷണൽ കേഡറ്റ് കോറിൽ നിന്ന് ആർജ്ജിച്ച അനുഭവങ്ങൾ അമൂല്യമാണ്. എൻ. സി.സി യുവാക്കളിൽ അച്ചടക്ക മുണ്ടാക്കും. നേതൃത്വ, സേവന മനോഭാവം വളർത്തും. ഏതു ദുരന്തമുഖത്തും സഹായമായി എൻ.സി.സി കേഡറ്റുകളുണ്ടാകും. ഇപ്പോൾ 20 ലക്ഷത്തിലധികം യുവാക്കൾ എൻ.സി.സി.യിലുണ്ട്. ഗേൾസ് കേഡറ്റുകൾ 40% ആയി വർദ്ധിച്ചു.

യുവതയുടെ മഹാകുംഭമേള

സ്വാമി വിവേകാനന്ദന്റെ 162-ാം ജന്മവാർഷികമായ ജനുവരി 12ന് രാജ്യം യുവജനദിനം ആഘോഷിക്കുന്നു. ജനുവരി 11, 12 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ യുവജന ആശയങ്ങളുടെ മഹാകുംഭം സംഘടിപ്പിക്കും. 'വികസിത ഭാരതം യുവ നേതാക്കളുടെ സംവാദം' എന്നാണ് പേര്. ഗ്രാമ, ബ്ലോക്ക്,ജില്ല,സംസ്ഥാന തലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരം യുവാക്കൾ പങ്കെടുക്കും.

 ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെതിരെ വീണ്ടും

രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് ഇല്ലെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ആളുകളെ കുടുക്കാനുള്ള ഗൂഢാലോചനയാണിത്. ഇരകളാകുന്നത് ഏറെയും മുതിർന്ന പൗരന്മാരാണ്. അവരെ ബോധവത്കരിക്കണം. സൈബർ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

 100 കോടി മരങ്ങൾ

അമ്മയുടെ പേരിൽ ഒരു മരം ( ‘ഏക് പേട് മാ കേ നാം’) കാമ്പെയിനിൽ 100 കോടി മരങ്ങൾ നട്ടുപിടിപ്പിച്ചതായി മോദി അറിയിച്ചു. അഞ്ച് മാസത്തിനുള്ളിലാണ് ഇത് സാദ്ധ്യമായത്. ഗയാന സന്ദർശിച്ചപ്പോൾ അവിടത്തെ പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ഭാര്യയുടെ അമ്മയും കുടുംബാംഗങ്ങളും മരം നട്ട് ക്യാമ്പയിനിൽ ചേർന്നതും മോദി ചൂണ്ടിക്കാട്ടി.