
ന്യൂഡൽഹി : വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ദുരന്തനിവാരണ ഭേദഗതി എന്നിവയടക്കം 16ൽപ്പരം ബില്ലുകൾ കേന്ദ്രസർക്കാർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ 20 വരെ നീളുന്ന സമ്മേളനത്തിൽ വഖഫ് വിഷയവും, ഗൗതം അദാനിക്കെതിരെയുള്ള യു.എസിലെ നിയമനടപടികളും, മണിപ്പൂർ സംഘർഷവും ഉൾപ്പെടെ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ദ്ധമായേക്കും.
വയനാട് ദുരന്തത്തിൽ പ്രത്യേക പാക്കേജ് ആവശ്യം ഇരുസഭകളിലും ഉന്നയിക്കാനാണ് കേരള എം.പിമാരുടെ ശ്രമം. കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നതായി അറിയിക്കും. ഇന്നലെ നടന്ന സർവകക്ഷിയോഗത്തിലും ഇക്കാര്യം എം.പിമാർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്ന് എൻ.കെ. പ്രേമചന്ദ്രനും, കേരളത്തോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് പി.സന്തോഷ് കുമാറും പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജോയിന്റ് പാർലമെന്ററി സമിതിയുടെ (ജെ.പി.സി) കാലാവധി നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. റിപ്പോർട്ട് ഈയാഴ്ച തന്നെ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് ജെ.പി.സി അദ്ധ്യക്ഷൻ ജഗദംബിക പാൽ. സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവകക്ഷിയോഗം ചേർന്നിരുന്നു. .
ഒരു ഗുണവും ഇല്ലാത്തതാണ് വഖഫ് ഭേദഗതി ബില്ലെന്ന് സർവകക്ഷയോഗത്തിനു ശേഷം മുസ്ലീം ലീഗിലെ ഇ.ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റേത് തീക്കളിയാണ്. ജെ.പി.സി അംഗങ്ങൾക്ക് സംസാരിക്കാൻ അവസരം കിട്ടിയില്ലെന്നും പറഞ്ഞു.. വഖഫ് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള നീക്കങ്ങൾ 'ഇന്ത്യ' സഖ്യം യോഗം ചേർന്നു തീരുമാനിക്കും