ന്യൂഡൽഹി : ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ, ജനാധിപത്യ സ്വപ്‌നങ്ങളുടെ കാവൽ മാലാഖയായ ഭരണഘടന നാളെ 75 വയസിന്റെ നിറവിൽ. 1949 നവംബർ 26നാണ് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ഭരണഘടന അംഗീകരിച്ചത്. ആ ചരിത്രദിനം ഭരണഘടനാ ദിനമായി രാജ്യം നെഞ്ചേറ്റുന്നു.
ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ ആമുഖത്തിൽ എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവ ഉറപ്പു നൽകുന്നു. 1,17,360 ഇംഗ്ലീഷ് വാക്കുകളുള്ള ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ ഭരണഘടനയാണ്. തുടക്കത്തിൽ മൗലികാവകാശങ്ങൾക്കായിരുന്നു പ്രാമുഖ്യം. 1976 ൽ 42ാം ഭേദഗതിയിലൂടെ പത്ത് ഭരണഘടനാ ഉത്തരവാദിത്വങ്ങളും 2022ൽ 11ാമത്തെ ഉത്തരവാദിത്വവും ചേർത്തു.
അംബേദ്കറുടെ ചരിത്രദൗത്യം
1946ലാണ് ഡോ.ബി.ആർ. അംബേദ്‌കർ അദ്ധ്യക്ഷനായി ഭരണഘടനയുടെ കരട് തയ്യാറാക്കാൻ സമിതി രൂപീകരിച്ചത്. ഡോ. രാജേന്ദ്ര പ്രസാദ് പ്രസിഡന്റായ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയാണ് ചരിത്രദൗത്യം അംബേദ്കറെ ഏൽപ്പിച്ചത്. 1948ന്റെ തുടക്കത്തിൽ കരട് തയ്യാറാക്കി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിക്ക് സമർപ്പിച്ചു. 1949 നവംബർ 26ന് ചില ഭേദഗതികളോടെ ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽ വന്നു. റിപ്പബ്ലിക് ദിനമായി ഈ ദിവസം കൊണ്ടാടുന്നു.
ആഘോഷം പഴയ
പാർലമെന്റിൽ
ഭരണഘടന അംഗീകരിച്ച പഴയ പാർലമെന്റിന്റെ അതേ സെൻട്രൽ ഹാളിൽ നാളെ ഭരണഘടനാ ദിനാഘോഷവും സംഘടിപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സംസ്‌കൃതം-മൈഥിലി ഭാഷകളിലെ ഭരണഘടനയും സ്റ്റാമ്പും നാണയവും പുറത്തിറക്കും. സുപ്രീംകോടതി വളപ്പിലും ആഘോഷം നടക്കും.