
ന്യൂഡൽഹി : വയനാട്ടിൽ നാലുലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഈയാഴ്ച ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. വിജയിച്ചതിന്റെ സർട്ടിഫിക്കറ്റുമായി കോൺഗ്രസ് നേതാക്കളായ ടി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്‌ണൻ, എ.പി. അനിൽകുമാർ എന്നിവർ നാളെ ഡൽഹിക്ക് തിരിക്കും. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനൊപ്പം പ്രിയങ്ക ഗാന്ധിക്ക് സർട്ടിഫിക്കറ്റ് കൈമാറും. സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ, ലോക്‌സഭാ സെക്രട്ടേറിയറ്റ് തുടർനടപടി സ്വീകരിക്കും. നടപടികൾ പൂർത്തിയാകുന്ന മുറയ്‌ക്ക് ബുധനാഴ്ചയോ, വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. കന്നിയങ്കത്തിൽ ലോക്‌സഭയിലെത്തുന്ന പ്രിയങ്ക പ്രതിപക്ഷനിരയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാകും.