d

 അദാനി വിഷയത്തിൽ ചർച്ച അനുവദിച്ചില്ല

ന്യൂഡൽഹി: അദാനി അഴിമതി ആരോപണം നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെ തുടർന്നുള്ള പ്രതിപക്ഷ ബഹളത്തോടെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം. ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞു. ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷികം പ്രമാണിച്ച് സഭയ്‌ക്ക് ഇന്ന് അവധിയാണ്.

അദാനി വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ (സി.പി.എം), അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ(കോൺഗ്രസ്) എന്നിവർ ലോക്‌സഭയിലും വി. ശിവദാസൻ (സി.പി.എം) രാജ്യസഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു.

എം.എം. ലോറൻസ്, വസന്തറാവു ചവാൻ, എസ്. കെ. നൂറുൽ ഇസ്ലാം, എം. പാർവതി, ഹരിശ്ചന്ദ്ര ദേവ് റാം ചവാൻ എന്നിവർക്ക് സ്പീക്കർ ഓം ബിർള ആദരാഞ്ജലി അർപ്പിച്ചു.

ജനം തള്ളിയവർ പാർലമെന്റ്

തടസപ്പെടുത്തുന്നു: മോദി

ആരോഗ്യകരമായ ചർച്ചകളിൽ ഏർപ്പെടേണ്ട സമയത്ത് ജനങ്ങൾ തിരസ്കരിച്ച ചിലർ പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി. ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുൻപ് പാർലമെന്റിനു മുന്നിൽ മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് കോൺഗ്രസിനെ ഉദ്ദേശിച്ചുള്ള വിമർശനം.

രാഷ്ട്രീയ നേട്ടങ്ങൾക്കായി പാർലമെന്റിനെ നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കില്ല. ഇതു ശ്രദ്ധിക്കുന്ന ജനം അവസരം കിട്ടുമ്പോൾ അവരെ ശിക്ഷിക്കുന്നു. ഇവർ പുതിയ എം.പിമാർക്ക് സഭയിൽ സംസാരിക്കാനുള്ള അവസരം നിഷേധിക്കുന്നു. ജനാധിപത്യ തത്വങ്ങൾ മാനിക്കുന്നില്ല. എന്നാൽ ചില പ്രതിപക്ഷ അംഗങ്ങൾ വളരെ ഉത്തരവാദിത്വം കാണിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.