
ന്യൂഡൽഹി : കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ റസിഡന്റ് ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച രണ്ടു വനിതകളെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ചെന്ന ആരോപണം പ്രത്യേക സംഘം അന്വേഷിക്കും. സി.ബി.ഐയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഡി.ഐ.ജി ആകാശ് മഖാരിയയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് രൂപീകരിച്ചു. കൽക്കട്ട ഹൈക്കോടതി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. സി.ബി.ഐക്ക് വിട്ട കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരെ പശ്ചിമബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.