
ന്യൂഡൽഹി: ലോകത്തിന് സഹകരണം ഒരു മാതൃകയും ഇന്ത്യയ‌്‌ക്ക് സംസ്കാരത്തിന്റെ അടിത്തറയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ഐ.സി.എ) ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനം ഇന്ത്യയിൽ വിപുലീകരണത്തിലാണ്. എട്ട് ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളുണ്ടെന്നും 98 ശതമാനവും ഗ്രാമീണ മേഖലകളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 30 കോടി ആളുകൾ ഇന്ത്യയിൽ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോള സഹകരണത്തിന്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിന് പുതിയ ഊർജം നൽകാൻ സഹകരണസംഘങ്ങൾക്ക് കഴിയും. ആഗോള സഹകരണ പ്രസ്ഥാനത്തിന് ഇന്ത്യയുടെ അനുഭവങ്ങൾ പ്രയോജനപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സഹകരണ സർവ്വകലാശാല സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും പുതിയ സഹകരണ നയം അവതരിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു.
ഇന്ത്യൻ അതിർത്തിയിൽ നിർമ്മിക്കുന്ന 2500 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഗെലെഫു എന്ന പുതിയ നഗരം സഹകരണ സംഘത്തിന്റെ സംഭാവനയാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗേ പറഞ്ഞു. ഭൂട്ടാനിൽ 129 സഹകരണ സംഘങ്ങളും 722 കർഷക സംഘങ്ങളുമുണ്ട്. ഫിജിയിലെ സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് ഉപപ്രധാനമന്ത്രി മനോവ കാമികാമിക വിവരിച്ചു.
30 വരെ നീളുന്ന സമ്മേളനം ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യും. സഹകരണ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായ തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി പുറത്തിറക്കി.