
ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം കാരണം അടച്ചിട്ട സ്കൂളുകൾ ഇന്ന് ഭാഗികമായി തുറക്കും. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് വായു നിലവാര മാനേജ്മെന്റ് കമ്മിഷനാണ് അനുമതി നൽകിയത്. സ്കൂൾ തുറക്കാത്തതിനാൽ പല കുട്ടികൾക്കും ഉച്ചഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ഇന്നലെ സുപ്രീംകോടതി നിരീക്ഷിച്ചു. വീടുകളിൽ പലതിലും എയർ പ്യൂരിഫയർ ഇല്ലാത്തതും കണക്കിലെടുക്കണം. ഒരുവിഭാഗം മാതാപിതാക്കൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്രിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച്. ഗ്രേഡ് നാല് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണം. ട്രക്കുകൾ നിരോധനം പാലിക്കാത്തതിനെ കോടതി വിമർശിച്ചു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം.