ന്യൂഡൽഹി: നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, മഹാരാഷ‌്‌ട്രയിൽ മുഖ്യമന്ത്രിയെ നിർണയിക്കാനുള്ള നിർണായക ചർച്ചകൾ നീളുന്നു. 132 സീറ്റു നേടി ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. അതേസമയം ശിവസേന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ വിലപേശൽ തുടരുന്നതിനാൽ രണ്ടര വർഷം കഴിഞ്ഞ് അവസരം നൽകുമെന്ന വാഗ്‌ദാനം നൽകിയേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിലാണ് ചർച്ചകൾ നടക്കുന്നത്. തീരുമാനം നീണ്ടാൽ ഇന്ന് സത്യപ്രതിജ്ഞ ഉണ്ടാകില്ല. അങ്ങനെ വന്നാൽ, ഗവർണറുടെ സഹായത്തോടെ അസംബ്ളി നിലവിൽ വന്നതായി രേഖയുണ്ടാക്കാനാണ് നീക്കമെന്ന് അറിയുന്നു.
മഹായുതിക്ക് വൻ വിജയമൊരുക്കിയതിന്റെ ക്രെഡിറ്റിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രി പദത്തിന് അർഹതയുണ്ടെന്നാണ് ബി.ജെ.പി നിലപാട്. എന്നാൽ, ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഷിൻഡെയുടെ ശിവസേനയെ പിണക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ഷിൻഡെയുടെ സഹായമില്ലെങ്കിലും 41 സീറ്റുള്ള അജിത് പവാറിന്റെ സഹായമുള്ളതിനാൽ പ്രതിസന്ധിയില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നാവിസിന്റെ പേര് ഉയർത്തിയ അജിത് പവാറിന്റെ നീക്കം ഇതു മുതിൽ കണ്ടാണ്. അജിത് പവാർ ഉപമുഖ്യമന്ത്രി പദത്തിൽ തൃപ‌്‌തനാണ്.
ലഡ്‌കി ബഹിൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ നയങ്ങളാണ് വിജയമൊരുക്കിയതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഷിൻഡെ വിമുഖത കാണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അഥവാ, വിട്ടുകൊടുക്കേണ്ടി വന്നാൽ ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ ചോദിച്ചേക്കും. പ്രധാന വകുപ്പുകൾക്കൊപ്പം ശിവസേനയ്ക്ക് 12 മന്ത്രിസ്ഥാനങ്ങളും എൻ.സി.പിക്ക് 10-ഓളം മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. 43 മന്ത്രിസ്ഥാനങ്ങളിൽ 21 എണ്ണം ബി.ജെ.പി നിലനിറുത്തിയേക്കും.
മുഖ്യമന്ത്രിയായാൽ ഫഡ്‌നാവിസിന് മൂന്നാമൂഴമാകും. 2014-2019 കാലത്ത് ബി.ജെ.പി-ശിവസേന സഖ്യത്തെ നയിച്ചു. 2019-ൽ അദ്ദേഹം അജിത് പവാറുമായി ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും അഞ്ചു ദിവസം മാത്രമായിരുന്നു ആയുസ്.