
ന്യൂഡൽഹി: വയനാട് ദുരന്തത്തിനുള്ള കേന്ദ്ര പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി തോമസിനെ അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട് സന്ദർശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയശേഷം ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരടങ്ങിയ സബ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചതായി നിർമ്മല സീതാരാമൻ പറഞ്ഞു. കേരള സർക്കാരിന്റെയും വിശദമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് വയനാടിന് നൽകേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കും.
വായ്‌പാ പരിധി കൂട്ടൽ, ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കൽ വകയിലെ കേന്ദ്ര സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള സഹായം തുടങ്ങിയവ ഉടൻ ലഭ്യമാക്കുമെന്നും പാർലമെന്റിൽ നടന്ന കൂടിക്കാഴ്‌ചയിൽ കേന്ദ്രമന്ത്രി ഉറപ്പുനൽകി.
വയനാട് ദുരന്തത്തിൽ കേന്ദ്രം
പറ്റിക്കുന്നു: മുഖ്യമന്ത്രി
കൂത്തുപറമ്പ്: വയനാട് ദുരന്തത്തിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെത്തിി വീണ്ടും സഹായം ചോദിച്ചു. ഒന്നും ചെയ്തില്ല. ദുരന്ത നിവാരണനിധിയിൽ നിന്ന് പണം എടുക്കാമെന്നാണ് പറയുന്നത്. അത് എടുത്താൽ കേന്ദ്രം തിരികെ തരും എന്നാണ് എല്ലാവരും പറയുന്നത്. അത് ഉപയോഗിക്കണമെങ്കിൽ മാനദണ്ഡം ഉണ്ട്. അതിന് കേന്ദ്രം പണം തിരികെ തരാൻ വ്യവസ്ഥയില്ല. . കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണ്.