ന്യൂഡൽഹി: മണ്ണിടിച്ചിൽ അടക്കം ദുരന്തനിവാരണ ശേഷി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സഹായമായി കേരളത്തിന് 72 കോടി രൂപ അനുവദിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനും ധനമന്ത്രി, കൃഷി മന്ത്രി, നിതി ആയോഗ് വൈസ് ചെയർമാൻ എന്നിവർ അംഗങ്ങളുമായ ഉന്നതതല സമിതിയുടേതാണ് തീരുമാനം.
15 സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപ അനുവദിച്ചു. മണ്ണിടിച്ചിൽ അപകടസാദ്ധ്യത ലഘൂകരിക്കാൻ 1000 കോടിയും സിവിൽ ഡിഫൻസ് വോളന്റിയർ പരിശീലനത്തിന് 115.67 കോടി രൂപയുമാണ് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചത്.
കേരളത്തിന് പുറമെ സഹായം ലഭിച്ചത്: ഉത്തരാഖണ്ഡ് 139 കോടി, ഹിമാചൽപ്രദേശ് 139 കോടി, മഹാരാഷ്ട്ര 100 കോടി, കർണാടകം 72 കോടി, തമിഴ്‌നാട് 50 കോടി, പശ്ചിമ ബംഗാൾ 50 കോടി, അരുണാചൽ പ്രദേശ്, അസാം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര സംസ്ഥാനങ്ങൾക്കായി 378 കോടി.