
ന്യൂഡൽഹി: രാജ്യത്തിന് പുതിയ ആശയങ്ങൾ ഉൾക്കൊള്ളാനും മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനുമായി എഴുതപ്പെട്ട രേഖയാണ് ഭരണഘടനയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഭരണഘടനയിലൂടെ നാം സാമൂഹിക നീതിയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെയും ലക്ഷ്യങ്ങൾ നേടി.
പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ഭരണഘടനാ അസംബ്ലിയിലെ 15 വനിതാ അംഗങ്ങളുടെ സംഭാവനകളെ മുർമു അനുസ്മരിച്ചു.
നമ്മുടെ ഭരണഘടന ജീവനുള്ള പുരോഗമനപരമായ രേഖയാണ്.ഭരണഘടന അടിസ്ഥാനമാക്കി എല്ലാ വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. പാവങ്ങൾക്ക് സ്വന്തമായി വീട് ലഭിക്കുന്നു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നു.
ചടങ്ങിൽ 75 രൂപയുടെ നാണയം, തപാൽ സ്റ്റാമ്പ്, ഭരണഘടനയുമായി ബന്ധപ്പെട്ട രണ്ടു പുസ്‌തകങ്ങൾ, സംസ്കൃതത്തിലും മൈഥിലിയിലുമുള്ള ഭരണഘടന എന്നിവ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു.
രാഹുൽ അനാദരവ് കാട്ടിയെന്ന്
ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്യാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനാദരവ് കാട്ടിയെന്ന് ബി.ജെ.പി ആരോപിച്ചു. ചടങ്ങ് അവസാനിച്ചപ്പോൾ രാഹുൽ ഒഴികെയുള്ളവർ രാഷ്‌ട്രപതിയെ അഭിവാദ്യം ചെയ്‌തു. ദേശീയ ഗാനം ആലപിച്ചപ്പോൾ രാഹുൽ മറ്റെവിടെയോ നോക്കി നിന്നുവെന്നും വീഡിയോ അടക്കം പോസ്റ്റു ചെയ്‌തുകൊണ്ട് ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ആദിവാസി വനിതയായ രാഷ്‌ട്രപതിയെ കോൺഗ്രസ് അനാദരിക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം
ഭരണഘടനയുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും രണ്ടു ദിവസം ചർച്ച വേണമെന്ന് പ്രതിപക്ഷം. ഇതിനായി കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഡിഎംകെ നേതാവ് ടി ആർ ബാലു തുടങ്ങിയവർ സ്‌പീക്കർ ഒാം ബിർളയ്‌ക്ക് കത്തെഴുതി.