
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ(ഇ.വി.എം) ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് വിശ്വസനീയമല്ലെന്നും ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹി തക്കത്തോറ സ്റ്റേഡിയത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,പക്ഷേ ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വോട്ടുകൾ പാഴാകുമെന്ന് ഞാൻ ഉറപ്പായും പറയും. അവരെല്ലാം ബാലറ്റ് പേപ്പറിലൂടെ വോട്ട് ആവശ്യപ്പെടണം. അതിന് രാഷ്‌ട്രീയ പാർട്ടികൾ ഒന്നിച്ച് ആവശ്യപ്പെടണമെന്നും ഖാർഗെ പറഞ്ഞു.ഇവിഎമ്മുകൾ അവരുടെ കൈയിലിരിക്കട്ടെ. ഞങ്ങൾക്ക് ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യണം. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ പ്രചാരണം നടത്താനും ഖാർഗെ ആഹ്വാനം ചെയ്തു.
രാജ്യത്ത് വിഭജന മുദ്രാവാക്യങ്ങളുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് യഥാർത്ഥത്തിൽ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും ഖാർഗെ പറഞ്ഞു. രാജ്യത്ത് ഐക്യം വേണമെങ്കിൽ വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയ്‌ക്ക് മുന്നിൽ തലകുനിക്കുമ്പോഴും അതിന് തുരങ്കം വയ്‌ക്കാൻ ശ്രമിക്കുന്നു. സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നതിനാൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ സുസ്ഥിരമല്ലെന്നും ഖാർഗെ പറഞ്ഞു. ജാതി സെൻസസ് അനുവദിച്ചാൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ വിഹിതം ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി മോദി ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോദി ഭരണഘടന വായിച്ചിട്ടില്ല: രാഹുൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് ഉറപ്പാണെന്ന് ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന വായിച്ചിരുന്നെങ്കിൽ ഇപ്പോൾ ചെയ്യുന്ന പലകാര്യങ്ങളും പ്രധാനമന്ത്രി മോദിക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. രാജ്യത്തിന്റെ മുഴുവൻ സംവിധാനവും ദലിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗക്കാർക്കും എതിരാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.