x

ന്യൂഡൽഹി: ജാർഖണ്ഡിൽ നവംബർ 28ന് നടക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ജെ.എം.എം നേതാവും കാവൽ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ. ഭാര്യ കൽപന സോറനൊപ്പം ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചാണ് ക്ഷണക്കത്ത് നൽകിയത്.

റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് 'ഇന്ത്യ' മുന്നണിയുടെ ശക്തിപ്രകടനത്തിനുള്ള വേദിയാക്കാനാണ് നീക്കം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി,മല്ലികാർജുൻ ഖാർഗെ,ദീപാങ്കർ ഭട്ടാചാര്യ(സി.പി.ഐ എം.എൽ),അരവിന്ദ് കെജ്രിവാൾ(ആംആദ്‌മി പാർട്ടി), എം.കെ സ്റ്റാലിൻ(ഡി.എം.കെ),മമത ബാനർജി(തൃണമൂൽ),കനിമൊഴി(ഡി.എം.കെ) തുടങ്ങിയ 'ഇന്ത്യാ' മുന്നണി നേതാക്കൾ പങ്കെടുത്തേക്കും. ജാർഖണ്ഡിൽ ബി.ജെ.പിയുടെ ചുമതല വഹിച്ച അസാം മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസിനും ക്ഷണമുണ്ട്.

81 അംഗ നിയമസഭയിൽ ജെ.എം.എം നേതൃത്വം നൽകുന്ന സർക്കാരിൽ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരുണ്ടാകും. അഞ്ച് എം.എൽ.എമാർക്ക് ഒരു മന്ത്രിസ്ഥാനം എന്ന ഫോർമുല പ്രകാരം ജെ.എം.എമ്മിന് മുഖ്യമന്ത്രിയെ കൂടാതെ ആറും കോൺഗ്രസിന് നാലും ആർ.ജെ.ഡിക്ക് ഒരു മന്ത്രിസ്ഥാനവും ലഭിക്കും. സഖ്യകക്ഷിയാണെങ്കിലും സി.പി.എം എം.എൽ മന്ത്രിസഭയിൽ ചേരില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി 56 സീറ്റുകൾ നേടിയാണ് ഭരണത്തുടർച്ച ഉറപ്പാക്കിയത്.