deva

ന്യൂഡൽഹി: കാവൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വഴങ്ങിയതോടെ മഹാരാഷ്ട്രയിൽ അനിശ്‌ചിതത്വം മാറി. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഉടൻ പ്രഖ്യാപിക്കും. ഫഡ്‌നാവിസിന് ഇന്നലെ നാഗ്‌പൂരിൽ പ്രവർത്തകർ വൻ സ്വീകരണം നൽകി.

അനുനയത്തിന്റെ ഭാഗമായി ശിവസേനയ്‌ക്ക് കേന്ദ്രത്തിൽ കാബിനറ്റ് പദവിയും ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും പ്രമുഖ വകുപ്പുകളും വാഗ്‌ദാനം ചെയ്‌തതായി അറിയുന്നു.

മന്ത്രിസഭാ രൂപീകരണത്തിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അറിയിച്ചതായി ഷിൻഡെ ഇന്നലെ മുംബയിൽ പത്രസമ്മേളനത്തിൽ പറഞ്ഞതോടെയാണ് ആശങ്കകൾ നീങ്ങിയത്.

ബി.ജെ.പി ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും ശിവസേന പിന്തുണയ്ക്കും. മോദി ഞങ്ങളുടെ കുടുംബത്തിന്റെ തലവനാണ്. മുഖ്യമന്ത്രി പദത്തെ ചൊല്ലി താൻ അസ്വസ്ഥനാണെന്ന പ്രചാരണം കള്ളമാണെന്നും ഷിൻഡെ പറഞ്ഞു.

ഷിൻഡെ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ശിവസേനാ എം.പിമാർ ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി.

മഹായുതിയുടെ വൻ വിജയത്തിന് പിന്നാലെ ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള ബി.ജെ.പി നീക്കത്തിൽ ഷിൻഡെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. വിജയം തന്റെ സർക്കാരിന്റേതാണെന്നും അതിനാൽ മുഖ്യമന്ത്രി പദത്തിൽ തുടർച്ച വേണമെന്നും ഷിൻഡെ അവകാശപ്പെട്ടതോടെ ചർച്ചകൾ നീളുകയായിരുന്നു.