
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഘർഷബാധിത പ്രദേശമായ സംഭാൽ സന്ദർശിക്കാൻ ഡൽഹിയിൽ നിന്ന് പുറപ്പെട്ട അഞ്ച് മുസ്ളിം ലീഗ് എം.പിമാരെ അതിർത്തിയിൽ തടഞ്ഞു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ,അബ്‌ദുൾ വഹാബ്,ഡോ. എം.പി. അബ്‌ദുസമദ് സമദാനി,അഡ്വ. ഹാരിസ് ബീരാൻ,നവാകസ് കനി എന്നിവരെയാണ് ഗാസിയാബാദിലെ ടോൾ ബൂത്തിൽ പൊലീസ് സംഘം തടഞ്ഞത്. സമാധാന ചർച്ചയ‌്‌ക്കായി പോകുകയാണെന്ന എം.പിമാരുടെ വാദം തള്ളിയ പൊലീസ് മടങ്ങിയില്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങൾ മുൻകൂട്ടി അറിയിച്ചാണ് എത്തിയതെന്ന് പൊലീസിനെ അറിയിച്ചെങ്കിലും അനുവദിച്ചില്ല. തങ്ങളെ തടഞ്ഞത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നും കോടതിയെ സമീപിക്കുമെന്നും വിഷയം പാർലമെന്റിൽ ചർച്ചയാക്കുമെന്നും എം.പിമാർ പറഞ്ഞു.