
ന്യൂഡൽഹി: ഭരണഘടനാ ദിനം ആചരിച്ച് ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം സമ്മേളിച്ച പാർലമെന്റിന്റെ ഇരു സഭകളും അദാനി കൈക്കൂലി കേസ്, സംഭാൽ അക്രമം തുടങ്ങിയ വിഷയങ്ങളെത്തുടർന്ന് പ്രക്ഷുബ്ധമായി.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭകൾ സ്‌തംഭിച്ചു. കാര്യമായ നടപടികളിലേക്ക് കടക്കാനാകാതെ ഇന്നത്തേക്ക് പിരിഞ്ഞു.
യു.എസിലെ അദാനി കൈക്കൂലി ആരോപണങ്ങൾ, സംഭാൽ അക്രമം, ഡൽഹിയിലെ കുറ്റകൃത്യങ്ങളിൽ ജെ.പി.സി അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ എം.പിമാർ സമർപ്പിച്ച 18 അടിയന്തര പ്രമേയ നോട്ടീസുകൾ രാജ്യസഭയിൽ ചെയർമാൻ ജഗ്‌ദീപ് ധൻകർ തള്ളിയതിനെ തുടർന്നായിരുന്നു പ്രതിഷേധം. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളം തുടങ്ങിയതോടെ ആദ്യം 12 വരെയും പിന്നീട് ഇന്നത്തേക്കും പിരിഞ്ഞു. നോട്ടീസുകൾ പരിഗണിക്കാൻ കൃത്യമായ ചട്ടങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ അദ്ധ്യക്ഷന്റെ റൂളിംഗ് അനുസരിക്കാൻ അംഗങ്ങൾ ബാദ്ധ്യസ്ഥരാണെന്നും ധൻകർ ചൂണ്ടിക്കാട്ടി. ലോക്‌സഭയിലും സമാന രംഗങ്ങൾ അരങ്ങേറി. 11ന് മണിക്ക് ചേർന്നയുടൻ ബഹളത്തിൽ തടസപ്പെട്ട സഭ 12ന് ചേർന്നപ്പോഴും നടപടികളിലേക്ക് കടക്കാനാകാതെ പിരിഞ്ഞു.
പാർല. സ്തംഭനം :
അതൃപ്തിയുമായി
തൃണമൂൽ
ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്റ് നടപടികൾ തടസപ്പെടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിഷേധത്തിനെതിരെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണിക്കുള്ളിൽ നിന്ന് അപസ്വരം ഉയർന്നത് ശ്രദ്ധേയമായി. ഏതെങ്കിലും വിഷയത്തിൽ സഭ തടസ്സപ്പെടുത്തുന്നതിനു പകരം ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ 'ജനങ്ങളുടെ പ്രശ്നങ്ങളിൽ' പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ലോക്സഭയിലെ പാർട്ടിയുടെ ഉപനേതാവ് കക്കോലി ഘോഷ് ദസ്തിദാർ പറഞ്ഞു. . അദാനി വിഷയം ഉന്നയിച്ച പ്രതിപക്ഷം ഇരുസഭകളിലും തുടർച്ചയായ രണ്ടാം ദിവസവും സഭാ നടപടികൾ തടസപ്പെടുത്തിയതിന് പിന്നാലെയാണ് പരാമർശം. അദാനി വിഷയത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്ത തിങ്കളാഴ്ചത്തെ 'ഇന്ത്യ' മുന്നണി യോഗത്തിൽ തൃണമൂലിനെ പങ്കെടുപ്പിച്ചിരുന്നില്ല.