
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾക്ക് അനുമതി നൽകാനുള്ള പി.ഒ.സി പദവി നിഷേധിച്ചത് കേന്ദ്രസർക്കാരിന്റെ വിവേചനവും ഇരട്ടത്താപ്പുമാണ് കാണിക്കുന്നതെന്ന് രാജ്യസഭയിൽ സി.പി.ഐ എംപി പി.സന്തോഷ് കുമാറും സി.പി.എം എംപി ജോൺ ബ്രിട്ടാസും ആരോപിച്ചു. പദവി നിഷേധിച്ചത് പ്രവാസികൾക്കും വടക്കൻ കേരളത്തിന്റെ വികസനത്തിനും വലിയ തിരിച്ചടിയാണ്.
മെട്രോ പദവി ഇല്ലാത്ത നഗരങ്ങളിൽ നിന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ അവസരം നൽകുന്നതിന്റെ ഭാഗമായാണ് കണ്ണൂരിന് പി.ഒ.സി പദവി നിഷേധിച്ചതെന്ന് കേന്ദ്രസർക്കാർ സന്തോഷ് കുമാർ എംപിയെ അറിയിച്ചിരുന്നു. കേരളത്തെ നിരന്തരമായി അവഗണിക്കുന്ന കാഴ്ചപ്പാട് തന്നെയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. വടക്കൻ കേരളത്തിലെ ജില്ലകൾ പുതിയ വികസന പാതകളും അവസരങ്ങളും കണ്ടെത്തുന്നതിനാൽ കണ്ണൂർ വിമാനത്താവളത്തിന് പി.ഒ.സി പദവി അനിവാര്യമായിരുന്നു.
ഗോവയ്ക്ക് ഒരു നീതി,കേരളത്തിന് മറ്റൊന്ന്
ഗോവ സംസ്ഥാനം മുഴുവനായി പി.ഒ.സി ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് മാത്രമാണ് പദവിയുള്ളതെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.കേരളത്തിന് മൊത്തത്തിൽ സമാനമായ പി.ഒ.സി പദവി നൽകി ന്യായവും ഏകീകൃതവുമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.