s

ന്യൂഡൽഹി: സംവരണം ലക്ഷ്യമിട്ടുള്ള മതപരിവർത്തനം സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തെ തുരങ്കം വയ്‌ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സർക്കാർ ജോലിയിൽ സംവരണം ലഭിക്കാൻ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്‌തെന്ന് വാദിച്ച ക്രിസ്‌ത്യൻ സമുദായത്തിൽ ജനിച്ച തമിഴ്നാട് സ്വദേശിയായ ശെൽവറാണിയുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

സംവരണം ലക്ഷ്യമിട്ടുള്ള മതപരിവർത്തനം/പുനർപരിവർത്തനം എന്നിവ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്കുള്ള അവകാശങ്ങളുടെ അന്തസത്തയെ ബാധിക്കും. ഇത്തരം ഗൂഢലക്ഷ്യമുള്ള ആളുകൾക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങൾ നൽകുന്നത് ധാർമ്മികതയ്‌ക്ക് വിരുദ്ധമാണ്. ക്രിസ്ത്യാനിയായ, ഹർജിക്കാരി ജോലിയിൽ സംവരണം ലഭിക്കാൻ ഹിന്ദുമതം സ്വീകരിച്ചത് സംവരണത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധവും ഭരണഘടനയെ വഞ്ചിക്കുന്നതിന് തുല്യവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

താൻ ഹിന്ദു മതത്തിലെ വള്ളുവൻ ജാതിയിൽപ്പെട്ടയാളാണെന്നും ക്ളാർക്ക് ജോലിയിൽ പട്ടികജാതിസംവരണത്തിന് അർഹതയുണ്ടെന്നുമുള്ള ശെൽവറാണിയുടെ വാദം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീകോടതിയെ സമീപിച്ചത്. ശെൽവറാണി ക്രിസ്‌ത്യൻ കുടുംബത്തിലാണ് ജനിച്ചതെന്ന് സംസ്ഥാന സർക്കാരിന്റെ ഫീൽഡ് വെരിഫിക്കേഷനിൽ വ്യക്തമായതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഹിന്ദുമതത്തിലേക്ക് മാറിയതായി രേഖകളില്ല. ഓരോ പൗരനും ഇഷ്ടമുള്ള മതം ആചരിക്കാനും വിശ്വസിക്കാനും അവകാശമുള്ള മതേതരരാജ്യമാണ് ഇന്ത്യ. എന്നാൽ, മതത്തെക്കുറിച്ചുള്ള ഇരട്ട അവകാശവാദങ്ങൾ ന്യായമല്ലെന്നും കോടതി വിധിച്ചു.