d

ന്യൂഡൽഹി: ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുശേഷം, ബന്ധം വഷളാകുമ്പോൾ പുരുഷ പങ്കാളിക്കെതിരെ ക്രിമിനൽ കുറ്റം ആരോപിക്കുന്ന ആശങ്കകരമായ പ്രവണത കൂടിവരുന്നതായി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പരസ്പര സമ്മതത്തോടെയുള്ള ദീർഘകാല ബന്ധങ്ങളും വിവാഹ വാഗ്‌ദാനം നൽകിയുള്ളവയും രണ്ടായി കാണണം. ഔപചാരികമായ ദാമ്പത്യബന്ധത്തിന് നിർബന്ധിക്കാതെ വ്യക്തിപരമായ ഇഷ്ടത്താൽ പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീക്ക് കാരണങ്ങളുണ്ടാകാം. വിവാഹത്തിന് നിർബന്ധിക്കാതെയും പങ്കാളിയുടെ എതിർപ്പും നിർബന്ധവുമില്ലാതെയും ദീർഘനാൾ നീണ്ടുനിൽക്കുന്ന ശാരീരികബന്ധം പുരുഷ പങ്കാളി വിവാഹ വാഗ്ദാനം നൽകിയാണെന്ന് പറയാനാകില്ലെന്നും അതിൽ ക്രിമിനൽക്കുറ്റം ആരോപിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2008 മുതൽ 2012 വരെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് കാട്ടിയുള്ള പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. ഒരു ദശാബ്ദത്തോളം ശാരീരിക ബന്ധം പുലർത്തിയ ശേഷം വിവാഹ വാഗ്ദാനം നിറവേറ്റിയില്ലെന്ന് അനുമാനിക്കാൻ പ്രയാസമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹായം ലഭിക്കാതെ വന്നതാണ് പരാതിക്ക് പ്രേരണയായതെന്നും കണ്ടെത്തി.