d

ന്യൂഡൽഹി: വിചാരണ തുടങ്ങാതെ പ്രതിയെ എത്രകാലം കസ്റ്റഡിയിൽവച്ചിരിക്കുമെന്ന് ഇ.ഡിയോട് സുപ്രീംകോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ നീളുന്നതിലെ അതൃപ്‌തി പ്രകടിപ്പിച്ചത്. ഇ.ഡിയുടെ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ കുറവാണെന്നും കോടതി ചൂണ്ടിക്കാട്ടി. സി.ബി.ഐ രജിസ്റ്റർ ചെയ്‌ത കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിനായി വാദം ഡിസംബർ രണ്ടിലേക്ക് മാറ്റി.

വിദ്യാഭ്യാസമന്ത്രിയായിരിക്കേ, അസിസ്റ്റന്റ് പ്രൈമറി അദ്ധ്യാപക നിയമത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേ‌രിടുന്ന 73കാരനായ പാർത്ഥ ചാറ്റർജി രണ്ടര വർഷത്തിലേറെയായി കസ്റ്റഡിയിലാണെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. 2022 ജൂലായ് 23-നാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ ഏഴുവർഷം തടവിന്റെ മൂന്നിലൊന്നിലധികം അനുഭവിച്ചുകഴിഞ്ഞു.മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചുവെന്നും റാേത്തഗി ചൂണ്ടിക്കാട്ടി.

അപ്പോഴാണ് വിചാരണ തുടങ്ങുന്നതിലെ കാലതാമസത്തിൽ ബെഞ്ച് ആശങ്ക രേഖപ്പെടുത്തിയത്. ആത്യന്തികമായി പ്രതി കുറ്റക്കാരനല്ലെങ്കിൽ, രണ്ടര വർഷം വലിയ കാലയളവാണെന്നും ഇ.ഡിയുടെ കേസുകളിൽ 60-70% മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നായിരുന്നു ഇ.ഡിക്കുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ രാജു വാദിച്ചത്.