d

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിലെ വിചാരണ നടപടിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പ്രോസിക്യൂഷൻ അനുമതിയില്ലാതെ സമർപ്പിച്ച ഇ.ഡിയുടെ കുറ്റപത്രം ഡൽഹിയിലെ വിചാരണക്കോടതി സ്വീകരിച്ചുവെന്നും ഈ നടപടി റദ്ദാക്കണമെന്നുമാണ് ചിദംബരത്തിന്റെ ആവശ്യം. റൗസ് അവന്യു കോടതിയിലെ വിചാരണാനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപേക്ഷ സമർപ്പിച്ചു. ജസ്റ്റിസ് മനോജ് കുമാർ ഓഹ്‌റി അദ്ധ്യക്ഷനായ ബെഞ്ച് വിഷയം ഇന്ന് പരിഗണിക്കും. പി. ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കേ, ഐ.എൻ.എക്‌സ് മീഡിയയ്‌ക്ക് അനധികൃത വിദേശനിക്ഷേപത്തിന് ഒത്താശ ചെയ്‌തെന്നും കോഴവാങ്ങിയെന്നുമാണ് കേസ്. ആരോപണങ്ങൾ ചിദംബരത്തിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്നും,​ അതിനാൽ വിചാരണയ്‌ക്ക് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നുമാണ് ഇ.ഡിയുടെ വാദം. നവംബർ 20ന് എയർസെൽ-മാക്‌സിസ് കേസിലെ വിചാരണക്കോടതി നടപടികൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ഇരുകേസുകളിലും മകൻ കാർത്തി ചിദംബരവും പ്രതിയാണ്.