
ലോക്‌സഭാ തിരഞ്ഞെടുപ്പ് മനസിൽക്കണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ അടുപ്പുകൂട്ടിയാൽ ആ പരിപ്പ് തിളയ്‌ക്കില്ലെന്ന വസ്‌തുത ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വീണ്ടും തെളിയിക്കപ്പെടുകയാണ്. മോദി തരംഗം വീശിയ 2014-ൽ ഡൽഹിയിൽ കേജ്‌രിവാൾ അടിച്ചു കയറിയതൊക്കെ അതിന്റെ ഭാഗം. അതിന്റെ ലേറ്റസ്റ്റ് വേർഷനാണ് മഹാരാഷ്‌ട്രയിലുണ്ടായത്. ഭരണം പിടിക്കുന്നതു പോയിട്ട്, പ്രതീക്ഷിച്ച സീറ്റുകളൊന്നും ലഭിക്കാതെ കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻ.സി.പി (ശരദ്‌പവാർ) കക്ഷികളുടെ മഹാവികാസ് അഘാഡി അടിപതറിയപ്പോൾ ബി.ജെ.പി നേതൃത്വത്തിൽ മഹായുതി മുന്നണി അടിച്ചുകയറി നേടിയത് 230 സീറ്റുകളിലായിരുന്നു. 288 അംഗ നിയമസഭയിൽ 145 സീറ്റുകൾ മതി, കേവല ഭൂരിപക്ഷത്തിന്.
ആറുമാസം മുമ്പു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 48 സീറ്റിൽ പതിമൂന്നു സീറ്റ് നേടിയ കോൺഗ്രസിന്റെ വിജയ പ്രതീക്ഷകളാണ് മഹാരാഷ്‌ട്രയിൽ തകർന്നടിഞ്ഞത്. അടർന്നുപോയ ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ (ഏഴ്) മറികടന്ന് ഒമ്പതു സീറ്റ് നേടിയ ശിവസേനയുടെ ഉദ്ധവ് വിഭാഗവും, ഒരു സീറ്റിലൊതുക്കി അജിത് പവാറിനോട് പ്രതികാരം ചെയ്‌ത ശരദ് പവാറിന്റെ എൻ.സി.പിയും (ഒമ്പത്) വൻ വിജയവും ഭരണവും കിട്ടുമെന്ന് ഉറപ്പിച്ചതായിരുന്നു. നേതാക്കൾ മാത്രമാണ് പോയതെന്നും ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നും ശിവസേനയ്‌ക്കും എൻ.സി.പിക്കും തെളിയിക്കണമായിരുന്നു.
പക്ഷേ ജനം ഷിൻഡെയുടെ ശിവസേനയെയും അജിത് പവാറിന്റെ എൻ.സി.പിയെയുമാണ് തിരഞ്ഞെടുത്തത്. ശിവസേന സ്ഥാപിച്ച ബാൽ താക്കറെയുടെ മകൻ ഉദ്ധവ് താക്കറെയ്ക്കും, എൻ.സി.പി സ്ഥാപകനും മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ അതികായനുമായ ശരദ് പവാറിനും വൻ തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബി.ജെ.പിക്കായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളിലേതിനെക്കാൾ ആൾക്കൂട്ടം മഹാവികാസ് അഘാഡിയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നു. അത് ജനപിന്തുണയാണെന്നു ധരിച്ചെങ്കിലും വോട്ടായി മാറിയില്ല. തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടായെന്ന പ്രതികരണങ്ങൾ കോൺഗ്രസിൽ നിന്നും മറ്റുമുണ്ടായതിനു കാരണം അതാണ്.
മഹാവികാസ് അഘാഡിയെ കാഴ്‌ചക്കാരാക്കിയുള്ള തിരഞ്ഞെടുപ്പ് വിജയത്തിൽ മഹായുതി എഴുതിയ തിരക്കഥ കൃത്യമായി നടപ്പാക്കപ്പെട്ടുവെന്ന് കാണാം. മഹാരാഷ്‌ട്രയിലെ ജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അനിവാര്യമായിരുന്നു. ലോക്‌സഭാ തിരിച്ചടിയിൽ പാഠമുൾക്കൊണ്ട മഹായുതി ഏറെ ഹോം വർക്ക് ചെയ്‌താണ് നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സർക്കാർ പ്രഖ്യാപിച്ച 'മേരി ലാഡ്‌ലി ബെഹൻ യോജന" (വനിതകൾക്ക് 1500 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി) അടക്കം പദ്ധതികൾ സ്‌ത്രീകളെ ആകർഷിച്ചുവെന്ന് കാണാം. അവർ പേടിച്ചതുപോലെ മറാഠാ സംവരണ പ്രക്ഷോഭവും ഒ.ബി.സി വിരുദ്ധ വികാരവും ദോഷം ചെയ്‌തില്ല. ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയില്ലെങ്കിലും 149 സീറ്റിൽ മത്സരിച്ച ബി.ജെ.പി 132-ലും ജയം കുറിച്ചു (2019ൽ 109). ശിവസേന 57-ഉം എൻ.സി.പി 41-ഉം നേടി ബി.ജെ.പിക്കൊപ്പം കരുത്തുകാട്ടി.
മുഖ്യമന്ത്രി പദവും
മഹാസൂത്രവും
2019-ൽ മഹാരാഷ്‌ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടന്നത് ഒക്‌ടോബർ 21-നാണ്. അന്ന് അവിഭക്ത ശിവസേനയ്‌ക്കൊപ്പം സഖ്യമായി മത്സരിച്ച് ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി പദത്തിൽ തർക്കമുണ്ടായതിനെ തുടർന്ന് സർക്കാർ രൂപീകരണം നീണ്ടു. തർക്കങ്ങളെ തുടർന്ന് ശിവസേനയും ബി.ജെ.പിയും വഴിപിരിയുകയും രാഷ്‌ട്രപതി ഭരണം വരികയും ചെയ്‌തു. അജിത് പവാറിനെ എൻ.സി.പിയിൽ നിന്ന് റാഞ്ചിയെടുത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ബി.ജെ.പി നേതാവ് ഫഡ്‌നവിസ് പക്ഷേ, 2019 നവംബർ 26-ന് ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജിവച്ചു. തുടർന്ന് 2019 നവംബർ 28-ന് ഉദ്ധവ് താക്കറെ എൻ.സി.പി- കോൺഗ്രസ് പാർട്ടികളുമായി ചേർന്ന് രൂപീകരിച്ച മഹാവികാസ് അഘാഡി അധികാരത്തിലേറി. 2022 ജൂണിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ബി.ജെ.പി പിന്തുണയോടെ നടന്ന വിമത നീക്കത്തിനൊടുവിൽ ഉദ്ധവിന് രാജിവയ്‌ക്കേണ്ടി വന്നതും ചരിത്രം.
ഇതിന്റെ തുടർച്ചയായുള്ള ചില സൂത്രങ്ങൾ ബി.ജെ.പി ഇക്കുറിയും പയറ്റിയതാണ് മുഖ്യമന്ത്രി നിർണയവും സർക്കാർ രൂപീകരണവും നീളാനിടയാക്കിയത്. മുഖ്യമന്ത്രി നിർണയത്തിലെ അവകാശവാദം മുന്നിൽക്കണ്ട ബി.ജെ.പി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും സർക്കാരുണ്ടാക്കാൻ ധൃതി കാട്ടിയില്ല. അതേസമയം, ഡൽഹിയിൽ വലിയ ചർച്ചയൊക്കെ നടക്കുന്നുവെന്ന തോന്നലുളവാക്കുകയും ചെയ്തു. നവംബർ 26-ന് പഴയ അസംബ്ളിയുടെ കാലാവധി തീരുന്ന ദിവസമെങ്കിലും പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യേണ്ടതായിരുന്നു. മഹാരാഷ്‌ട്രയിൽ ഇക്കുറി അക്കാര്യത്തിലും പുതിയ കീഴ്‌വഴക്കമായി. എം.എൽ.എമാർ ജയിച്ചതിന്റെ വിജ്ഞാപനം വന്നതിനാൽ പുതിയ അസംബ്ളി (15-ാം മഹാരാഷ്‌ട്ര അസംബ്ളി) നിലവിൽ വന്നുവെന്ന ഭാഷ്യത്തോടെ സർക്കാർ രൂപീകരണം തീയതി കഴിഞ്ഞും നീളുന്നു.
ബി.ജെ.പി മികച്ച വിജയം നേടിയാൽ 2022-ൽ ശിവസേന പിളർത്തി സർക്കാരുണ്ടാക്കാൻ സഹായിച്ചതിന് ഉപകാരമായി ൽകിയ മുഖ്യമന്ത്രിപദം തിരിച്ചെടുക്കുമെന്ന് ഏക്‌നാഥ് ഷിൻഡെയ്‌ക്ക് ഉറപ്പായിരുന്നു. ഹിന്ദുത്വ അജണ്ടയിലൂന്നിയ ശിവസേനയായിരുന്നു 2019 വരെ സംസ്ഥാനത്ത് എൻ.ഡി.എയിൽ വല്ല്യേട്ടൻ. ശിവസേന, എൻ.ഡി.എ വിടുകയും പിന്നീട് പിളരുകയും ചെയ്‌തോടെ മഹാരാഷ്‌ട്രയിൽ ബി.ജെ.പി ആഗ്രഹിച്ച ഡ്രൈവിംഗ് സീറ്റ് നിയന്ത്രണം ലഭിച്ചു.
132 സീറ്റുള്ള ബി.ജെ.പിക്ക് 41 സീറ്റുള്ള അജിത് പവാറിന്റെ എൻ.സി.പിക്കൊപ്പം ചേർന്നായാലും സർക്കാരുണ്ടാക്കാമെന്ന് അറിയാമെങ്കിലും 'മേരി ലാഡ്‌ലി ബെഹൻ" പദ്ധതിയാണ് വിജയത്തിന് കാരണമെന്നും മുഖ്യമന്ത്രിക്കസേരയിൽ തുടർച്ച വേണമെന്നുമൊക്കെ പറഞ്ഞ് ഷിൻഡെ ഒന്നു മസിലുപിടിച്ചു നോക്കി. ഡൽഹിയിൽ നരേന്ദ്രമോദിയും അമിത് ഷായും മൈൻഡു ചെയ്‌തില്ല! ആക്കുമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. മുഖ്യമന്ത്രി പദം നഷ്‌ടമായാൽ ഉപമുഖ്യമന്ത്രി പദമുണ്ടാകുമെന്ന് ഷിൻഡെയ്‌ക്കറിയാം. മസിലുപിടിച്ച് അതും കളയാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. മോശമല്ലാത്ത വകുപ്പുകൾ തരാമെന്ന് ബി.ജെ.പി സൂചിപ്പിച്ചതോടെ അദ്ദേഹം ആയുധം താഴെ വച്ച് എല്ലാം നരേന്ദ്ര മോദിക്കും അമിത്ഷായ്‌ക്കും വിട്ടു. മോദി കാരണവരാണെന്നും ബി.ജെ.പി തീരുമാനിക്കുന്നതാണ് തനിക്ക് വേദവാക്യമെന്നും പറഞ്ഞു. അങ്ങനെ മഹാരാഷ്‌ട്രയിൽ ബി.ജെ.പി തിരക്കഥ മഹാവിജയവുമായി. ദേവേന്ദ്ര ഫഡ്‌നവിസിന്റെ മുഖ്യമന്ത്രി പദം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.