d

ന്യൂഡൽഹി: ഡൽഹിയെ ആശങ്കയിലാക്കി ഒരുമാസം മുൻപ് സ്‌ഫോടനം നടന്ന മേഖലയ്‌ക്കടുത്ത് വീണ്ടും പൊട്ടിത്തെറി. പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കവേയുണ്ടായ സ്‌ഫോടനം ഏജൻസികളെയും ജാഗ്രതയിലാക്കി. പ്രശാന്ത് വിഹാർ എ.സി.പി ഓഫീസിന്റെ നൂറു മീറ്ററിനുള്ളിൽ, ഇന്നലെ രാവിലെ 11.45ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഗുഡ്സ് ഓട്ടാ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 20ന് പ്രശാന്ത് വിഹാറിലെ സി.ആർ.പി.എഫ് സ്‌കൂളിന് സമീപം സ്‌ഫോടനമുണ്ടായി. അന്ന് ആർക്കും പരിക്കേറ്രിരുന്നില്ല. നാടൻ ബോംബാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ അടക്കം പങ്ക് അന്വേഷിച്ചിരുന്നു.

 വെളുത്ത പൊടി, പുക

ഉഗ്ര സ്‌ഫോടന ശബ്‌ദം ജനങ്ങളെ പരിഭ്രാന്തിയിലാക്കി.

വലിയതോതിൽ വെള്ളപ്പുക ഉയർന്നു. ഇതോടെ, ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസും അഗ്നിശമനസേനയും ചേർന്ന് പുക കെടുത്തി. സ്‌ഫോടനം നടന്നയിടത്ത് വെള്ളപ്പൊടി കണ്ടെത്തി. നേരത്തെ ഒരു കിലോമീറ്റർ പരിധിക്കകത്തെ സി.ആർ.പി.എഫ് സ്‌കൂളിന് സമീപം സ്‌ഫോടനമുണ്ടായപ്പോഴും വെളുത്ത പൊടി കണ്ടെത്തിയിരുന്നു.

 ഭീകരബന്ധവും അന്വേഷിക്കുന്നു

എൻ.ഐ.എ,​ പൊലീസിന്റെ സ്‌പെഷ്യൽ സെൽ തുടങ്ങിയ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കി. മേഖലയിൽ എൻ.എസ്.ജി, ബോംബ് സ്‌ക്വാഡ് തുടങ്ങിയവർ പരിശോധന നടത്തി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. മേഖല പ്രത്യേകം കെട്ടിതിരിച്ചു. സി.ആർ.പി.എഫിനെ അടക്കം കാവലിനായി നിയോഗിച്ചു. ബോംബ് സ്‌ഫോടനമാണെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. ഭീകരബന്ധമുണ്ടോയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നു.

 കേന്ദ്രത്തെ പഴിച്ച് ആംആദ്മി

സംഭവത്തിൽ ആംആദ്മി പാർട്ടി ദേശീയ കൺവീനറും, ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ കേന്ദ്രസർക്കാരിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കുറ്റപ്പെടുത്തി. രാജ്യതലസ്ഥാനത്ത് ക്രൈംറേറ്റ് വർദ്ധിക്കുന്നു. അധോലോക സംഘാംഗങ്ങളുടെ ഏറ്റുമുട്ടലിൽ അടുത്തിടെ 20 പേരാണ് മരിച്ചതെന്ന് ചൂണ്ടിക്കാട്ടി. അധോലോക സംഘങ്ങൾ അഴിഞ്ഞാടിയ 90കളിലെ മുംബയ് പോലെയാണ് ഡൽഹിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് മുഖ്യമന്ത്രി അതിഷി ആരോപിച്ചു.