s

ന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കില്ല. ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) റിപ്പോർട്ട് അവതരിപ്പിക്കാൻ കൂടുതൽ സമയം തേടിയതോടെയാണിത്. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ബഡ്‌ജറ്റ് സമ്മേളനം തീരുംവരെ സമിതിക്ക് കാലാവധി നീട്ടി നൽകി. ഇന്നലെയാണ് റിപ്പോർട്ട് അവതരിപ്പിക്കേണ്ടിയിരുന്നത്. ബീഹാർ, ബംഗാൾ തുടങ്ങി വഖഫ് ബോർഡ് തർക്കങ്ങൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും മറ്റും കൂടുതൽ മൊഴികളെടുക്കാനുള്ളതിനാൽ റിപ്പോർട്ട് വൈകുമെന്നും സമിതിക്ക് സമയം നീട്ടി നൽകണമെന്നുമുള്ള പ്രമേയം അദ്ധ്യക്ഷൻ ജഗദാംബികാ പാൽ ലോക്സഭയിൽ അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു. തർക്ക വിഷയങ്ങളിൽ ചർച്ചകളില്ലാതെ സമിതി റിപ്പോർട്ട് സമർപ്പിക്കരുതെന്ന് ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതേ ചൊല്ലി അവർ സിറ്റിംഗിൽ വാക്കൗട്ട് നടത്തി. ബി.ജെ.പി എം.പിമാർ അടക്കം എൻ.ഡി.എ അംഗങ്ങൾക്കും ഇതേ അഭിപ്രായമായിരുന്നു. തുടർന്ന് കൂടുതൽ സമയം ചോദിക്കാമെന്ന് അദ്ധ്യക്ഷൻ സമ്മതിച്ചു.

മൂന്നാം ദിവസവും

പാർലമെന്റ് സ്‌തംഭനം

അദാനി, സംഭാൽ വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും തുടർച്ചയായ മൂന്നാം ദിവസവും സ്‌തംഭിച്ചു. ലോക്‌സഭയിൽ പ്രിയങ്കാ ഗാന്ധിയുടെയും മഹാരാഷ്ട്ര നാന്ദഡ് എം.പി രവീന്ദ്ര വസന്ത് റാവു ചവാന്റെയും സത്യപ്രതിജ്ഞയും ജെ.പി.സി കാലാവധി നീട്ടാനുള്ള പ്രമേയ അവതരണവും മാത്രമാണ് നടന്നത്. രാവിലെ ലോക്‌സഭയിലും രാജ്യസഭയിലും അദാനി കൈക്കൂലി കേസ്, സംഭാൽ അക്രമം തുടങ്ങിയ വിഷയങ്ങൾ നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. വിഷയങ്ങളിൽ പ്രതിപക്ഷ എം.പിമാർ സമർപ്പിച്ച 18 അടിയന്തര പ്രമേയ നോട്ടീസുകൾ രാജ്യസഭയിൽ ചെയർമാൻ ജഗ്‌ദീപ് ധൻകറും ലോക്‌സഭയിൽ സ്പീക്കർ ഓം ബിർളയും തള്ളിയതിനെ തുടർന്നായിരുന്നു പ്രതിഷേധം. ഇരു സഭകളും 12 വരെ ആദ്യം നിറുത്തിയിരുന്നു. പ്രതിപക്ഷം ബഹളം തുടർന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു.