odood

ന്യൂഡൽഹി: വയനാട് ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത പ്രിയങ്ക ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്നും പാർട്ടിക്ക് കരുത്ത് പകരുമെന്നും ഭർത്താവ് റോബർട്ട് വാദ്ര. പ്രിയങ്ക എത്തിയതോടെ പാർലമെന്റിൽ രാഹുലിന്റെ ശക്തി കൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തിൽ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രിയങ്കയ്ക്ക് അവരുടേതായ ശൈലിയുണ്ട്. കുടുംബത്തിലെ അനുഭവങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.
കർഷക പ്രശ്‌നങ്ങൾ, സ്ത്രീ സുരക്ഷ, വിലക്കയറ്റം, മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം, ഏജൻസികളുടെ ദുരുപയോഗം തുടങ്ങി സർക്കാർ ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത എല്ലാ വിഷയങ്ങളും പ്രിയങ്ക ഉയർത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.


പ്രിയങ്ക എംപിയായി സത്യപ്രതിജ്ഞ ചെയ്‌തത് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞ വാധ്ര ഭരണഘടന കൈയിൽ പിടിച്ച് സത്യപ്രതിജ്ഞ ചെയ്‌തതിനെക്കുറിച്ചും വിശദീകരിച്ചു. രാഹുലും കോൺഗ്രസും പറയുന്നത് പോലെ ഭരണഘടനയാണ് പ്രധാനമെന്നും എല്ലാവരും അതിനെ ബഹുമാനിക്കുന്നുവെന്നുമുള്ള സന്ദേശമാണ് നൽകിയത്. പ്രിയങ്ക ധരിച്ച കേരള കസവു സാരി വയനാട്ടുകാരുടെ നന്ദിയുടെ അടയാളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയിക്കുമെന്ന് ജനങ്ങൾ പറഞ്ഞെങ്കിലും മണ്ഡലത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പോയി എല്ലാവരെയും കണ്ട് വോട്ടു ചോദിച്ചു. വയനാട്ടുകാർക്ക് ഇന്ദിരാ ഗാന്ധിയെപ്പോലെയാണ് തോന്നിയത്. വയനാട്ടുകാർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റും.