deee

ന്യൂഡൽഹി : പരസ്‌പര സമ്മതത്തോടെ വർഷങ്ങളോളം ശാരീരിക ബന്ധം പുലർത്തിയ ശേഷം കല്യാണത്തിൽ എത്താതിരിക്കുന്ന സംഭവങ്ങൾക്ക് ക്രിമിനൽ നിറം നൽകാനാകില്ലെന്ന് സുപ്രീംകോടതി. കാമുകനെതിരെ പീഡനക്കുറ്റം നിലനിൽക്കില്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഒരു പ്രതിഷേധവും കൂടാതെ ശാരീരികബന്ധത്തിൽ ഏർപ്പെടുകയും, ബന്ധം തകരുമ്പോൾ കാമുകനെ ക്രിമിനൽ കേസിലേക്ക് വലിച്ചിഴയ്‌ക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. അത് അനുവദിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. ഇത്തരം ആശങ്കാജനകമായ പ്രവണത വളരുന്നുണ്ട്. ഇതിൽ ക്രിമിനൽ കേസ് നിയമപ്രക്രിയയുടെ ദുരുപയോഗമാകും. സിവിൽ ബന്ധങ്ങൾ ക്രിമിനൽ കേസിലേക്ക് നീളുന്നത് അപകടമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നവി മുംബയിലെ പീഡനക്കേസ് റദ്ദാക്കി കൊണ്ടാണിത്.

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് കാട്ടി വിധവയാണ് കാമുകനെതിരെ പീഡനക്കേസ് നൽകിയത്. താൻ വിവാഹിതനാണെന്ന് വിധവയ്‌ക്ക് അറിയാമായിരുന്നുവെന്ന് കാമുകൻ വാദിച്ചു. പരസ്‌പര സമ്മതത്തോടെയാണ് ശാരീരീക ബന്ധത്തിലേർപ്പെട്ടത്. സാമ്പത്തിക സഹായം നിർത്തിയതോടെയാണ് പീഡനക്കേസെന്നും വ്യക്തമാക്കി.

വാദങ്ങൾ അംഗീകരിച്ച കോടതി, സാമ്പത്തിക സഹായം നിർത്തലാക്കിയതാണ് പെട്ടെന്നുള്ള കേസിന് കാരണമെന്ന് വിലയിരുത്തി. ഒൻപതു വർഷം നീണ്ട ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിനൊടുവിലാണ് ഇതെന്നും കൂട്ടിച്ചേർത്തു.

നേരത്തെ, ഡൽഹിയിൽ കാമുകനെതിരെ കാമുകി നൽകിയ പീ‌ഡനക്കേസും രോഹിണി കോടതിയിലെ വിചാരണയും ഇതേ ബെഞ്ച് റദ്ദാക്കിയിരുന്നു.