
ന്യൂഡൽഹി: ഷാഹി ജുമാ മസ്ജിദ് സർവേയെ തുടർന്ന് സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ സംഭാലിൽ ഡിസംബർ പത്ത് വരെ പുറത്തു നിന്നുള്ളവർക്ക് പ്രവേശനം വിലക്കി ജില്ലാ ഭരണകൂടം. സമാജ്‌വാദി പാർട്ടിയുടെ (എസ്.പി) 15 അംഗ പ്രതിനിധി സംഘത്തെ വിലക്കിയതിന് പിന്നാലെയാണിത്.
പത്ത് വരെ ഏതെങ്കിലും സാമൂഹിക സംഘടനകളുടെ പ്രതിനിധികൾക്കോ, ജനപ്രതിനിധികൾക്കോ അധികാരികളുടെ അനുമതിയില്ലാതെ ജില്ലയുടെ അതിർത്തിയിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ ഇറക്കിയ ഉത്തരവിൽ പറയുന്നു. നേരത്തെ ഡിസംബർ ഒന്നുവരെ വിലക്കുണ്ടായിരുന്നു.
ഇതിനെതിരെ ശക്തമായി പ്രതികരിച്ച എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ബി.ജെ.പി നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ പരാജയമാണെന്നും വീഴ്‌ച മറയ്‌ക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. നിരോധനം ഭരണത്തിന്റെയും സർക്കാർ മാനേജ്മെന്റിന്റെയും പരാജയമാണ്. കലാപകാരികൾക്കെതിരെ നിരോധനം ഉണ്ടായിരുന്നെങ്കിൽ സംഭാലിൽ സമാധാനം നിലനിന്നേനെ. സംഭാലിലെ മുഴുവൻ ഭരണ സംവിധാനങ്ങളും സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭാലിലെ അക്രമങ്ങൾ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച സംസ്ഥാന പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള 15 അംഗത്തിനും ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയതോടെയാണ് അഖിലേഷ് രംഗത്തു വന്നത്. യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സഞ്ജയ് പ്രസാദും സംഭാൽ ജില്ലാ മജിസ്‌ട്രേറ്റും ബന്ധപ്പെട്ടതായി മാതാ പ്രസാദ് പാണ്ഡെ പറഞ്ഞു. രേഖാമൂലമുള്ള അറിയിപ്പ് നൽകാതെ ഫോണിൽ വിളിക്കുകയായിരുന്നു. എന്തോ മറച്ചുവയ്‌ക്കാൻ ബോധപൂർവം തടയുകയാണെന്നും പാണ്ഡെ പറഞ്ഞു. ഡിസംബർ രണ്ടിന് കോൺഗ്രസ് പ്രതിനിധി സംഘം ജില്ലയിൽ സന്ദർശനം നടത്തുമെന്ന് പി.സി.സി അദ്ധ്യക്ഷൻ അജയ് റായിയും അറിയിച്ചു. ഷാഹി ജുമാ മസ്ജിദിൽ കോടതി നിർദ്ദേശിച്ച സർവേയെ എതിർത്തവർ നവംബർ 24ന് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും തുടർന്നുണ്ടായ കല്ലേറിലേറിലും തീവെപ്പിലും നാലുപേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഷാഹി ജമാ മസ്‌ജിദിൽ സർവേ നടത്താനുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിയോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.