
ന്യൂഡൽഹി: കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന 103 കാരനായ ബംഗാൾ സ്വദേശി റസിക് ചന്ദ്ര മൊണ്ടലിന് സുപ്രീം കോടതി ഇടക്കാല മോചനം അനുവദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 1988ലെ ഒരു കേസിൽ 1994ലാണ് വിചാരണക്കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് വിധിച്ചത്. ശിക്ഷ 2018ൽ കൊൽക്കത്ത ഹൈക്കോടതി ശരിവച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ചൂണ്ടിക്കാട്ടി പ്രതി 2020ൽ സുപ്രീം കോടതിയെ സമീപിച്ചു. അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഖന്നയുടെയും ജസ്റ്റിസ് അബ്ദുൾ നസീറിന്റെയും ബെഞ്ച് ആരോഗ്യ സ്ഥിതി വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ പശ്‌ചിമ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോഴത്തെ വിധി. മോചനത്തിനുള്ള വ്യവസ്ഥകൾ വിചാരണ കോടതി നിശ്ചയിക്കും.