d

ന്യൂഡൽഹി: കരസേനയ്‌ക്ക് ആകാശ പിന്തുണ നൽകുന്ന ആർമി ഏവിയേഷൻ കോർപ്‌സിൽ 'ഏവിയേഷൻ വിംഗ്സ്' നേടുന്ന ആദ്യ രണ്ടാം തലമുറ വനിതാ ഓഫീസറായി ചരിത്രം രചിച്ച് ക്യാപ്റ്റൻ റിയ കെ. ശ്രീധരൻ . ഏവിയേഷൻ കോർപ്‌സിലെ (എ.എ.സി) ഉദ്യോഗസ്ഥർ ഹെലികോപ്റ്റർ പൈലറ്റുമാരാകാനുള്ള ഏവിയേറ്റേഴ്‌സ് കോഴ്‌സ് പൂർത്തിയാക്കുമ്പോൾ നൽകുന്ന അവാർഡാണിത്. സതേൺ കമാൻഡിനു കീഴിൽ നാസിക്കിലെ കോംബാറ്റ് ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിൽ നടന്ന ചടങ്ങിലാണ് ക്യാപ്റ്റൻ റിയയ്ക്ക് 'ഏവിയേഷൻ വിംഗ്‌സ്' പുരസ്‌കാരം ലഭിച്ചത്. പിതാവ് കൗശൽ ശ്രീധരൻ സേനയിൽ ബ്രിഗേഡിയറാണ്. കരസേനയിലെ ഏറ്റവും പ്രായം കുറഞ്ഞ സൈനിക വിഭാഗമാണ് 1986 നവംബർ ഒന്നിന് രൂപീകരിച്ച ഏവിയേഷൻ കോർപ്സ്. യുദ്ധത്തിലും മറ്റ് അടിയന്തര ഘട്ടങ്ങളിലും ആകാശ പിന്തുണ ഉറപ്പാക്കുന്നു.